തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാട്ടാന ആക്രമിച്ചു; രക്ഷിക്കാന്‍ എത്തിയ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കുറത്തിക്കുടിയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയില്‍ വനത്തിലൂടെ മടങ്ങിയ പോലീസിന്റെ അഞ്ചംഗ വയര്‍ലസ് സംഘമാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇരയായത്
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാട്ടാന ആക്രമിച്ചു; രക്ഷിക്കാന്‍ എത്തിയ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി


അടിമാലി: കാട്ടാനയുടെ ആക്രമണത്തിന് ഇരയായി കാട്ടില്‍ കുടുങ്ങിയ തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാനെത്തിയ സിപിഎം.- കാണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആവറുകുട്ടി വനത്തില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ടവരുടെ വാഹനം നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.

കുറത്തിക്കുടിയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയില്‍ വനത്തിലൂടെ മടങ്ങിയ പോലീസിന്റെ അഞ്ചംഗ വയര്‍ലസ് സംഘമാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇരയായത്. ഇവര്‍ സഞ്ചരിച്ച വാഹനം കാട്ടാനകള്‍ കുത്തിമറിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ വനത്തില്‍ കുടുങ്ങി. പിന്നാലെ എത്തിയ കുറത്തിക്കുടിയിലെ ജീപ്പ് ഇവിടെ നിയന്ത്രണംവിട്ട് മറിയുകയും ചെയ്തു.

സംഭവം അറിഞ്ഞ് പഴമ്പള്ളിച്ചാലില്‍നിന്ന് വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഇരുപതോളം നാട്ടുകാരും വനപാലകരും പോലീസും എത്തി. വിവരമറിഞ്ഞ്  സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിയശേഷം ഉദ്യോഗസ്ഥരെയും അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ ജീവനക്കാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അപകടത്തില്‍പ്പെട്ടു കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിലെ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വാഹനങ്ങള്‍ കെട്ടിവലിച്ചേ കൊണ്ടുപോകാന്‍ പറ്റുമായിരുന്നുള്ളൂ. ഇതിനായി എത്തിച്ച വാഹനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിത്രമുണ്ടായിരുന്നു. ഇതോടെ ഈ വാഹനം ഉപയോഗിക്കാന്‍ പറ്റില്ല എന്ന നിലപാടിലായി സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാവ്. ഇതോടെ ഇരു പാര്‍ട്ടിക്കാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മണിക്കൂറുകളോളമാണ് ഇത് തുടര്‍ന്നത്. 

എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന വനിതാ പഞ്ചായത്തംഗത്തോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ ആക്രമിച്ചെന്നാണ് പരിക്കേറ്റ സി.പി.എം. അനുഭാവികള്‍ പറയുന്നത്. സംഘട്ടനത്തില്‍ പരിക്കേറ്റവര്‍ കോതമംഗലം, അടിമാലി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്ഥലത്തുണ്ടായിരുന്ന ആനത്താരയിലെ വനത്തില്‍ ഇരുപാര്‍ട്ടിക്കാരും ഏറ്റുമുട്ടിയത് കണ്ടുനില്‍ക്കാനേ വനം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുള്ളൂ. ഇവരുടെ മൊഴിപ്രകാരം അടിമാലി പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com