ന്യൂനമര്‍ദ്ദം 'ഫാനി' ചുഴലിക്കാറ്റായി തമിഴ്‌നാട്ടിലേക്ക്; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റ് ,മുന്നറിയിപ്പ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 25th April 2019 04:52 AM  |  

Last Updated: 25th April 2019 06:48 AM  |   A+A-   |  

 

തിരുവനന്തപുര: ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍, കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ കനത്തമഴയും പെയ്യാം.

ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ 'ഫാനി' എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.

ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും അതിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ഉള്‍ക്കടലിലും തമിഴ്‌നാടുതീരത്തും മത്സ്യബന്ധനത്തിന് പോകരുത്. 27ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണം.

വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ധമായിരിക്കും.

ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വേഗത്തിലാവും. 28ാം തീയതിയോടെ ഇത് 8090 കിലോമീറ്റര്‍ വേഗം കൈവരിക്കാം. തമിഴ്‌നാട് തീരത്ത് 4050 കിലോമീറ്റര്‍ വേഗത്തിലാകും. 30ന് ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.