കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2019 05:23 PM  |  

Last Updated: 26th April 2019 05:26 PM  |   A+A-   |  

 

തിരുവനന്തപുരം: ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി തമിഴ്‌നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി മുന്നേറുന്നതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍  അതിതീവ്ര ന്യൂനമര്‍ദമായി മാറിയ ശേഷം 12 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഏപ്രില്‍ 29ന് അതിതീവ്ര ചുഴലിക്കാറ്റായി മാറിഏപ്രില്‍ 30ന് തമിഴ്‌നാട് ആന്ധ്രതീരത്തോട് അടുത്ത് എത്താനാണ് സാധ്യത. ഇതിന്റെ പ്രതിഫനമെന്നോണം ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഞായറാഴ്ച  രാവിലെ മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 29 ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാനും സാധ്യതയുളളതായി മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഏപ്രില്‍ 28 ന് മുന്നോടിയായി തീരത്ത് തിരിച്ചെത്തണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴ യ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ  അടിസ്ഥാനത്തില്‍ 29ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നി ജില്ലകളിലും 30ന്  കോട്ടയം ,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് എന്നി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.