തൃശൂർ ഇരട്ട കൊലപാതകം; നാല് പേർ പൊലീസ് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2019 06:08 AM  |  

Last Updated: 26th April 2019 06:08 AM  |   A+A-   |  

thrissur_attack

 

തൃശൂർ: കഞ്ചാവ് കച്ചവടം ഒറ്റിക്കൊടുത്തതിനു മുണ്ടൂരിൽ രണ്ട് യുവാക്കളെ വാനിടിപ്പിച്ചു വീഴ്ത്തി വെട്ടിക്കൊന്ന സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. കൊലപാതകം നടത്തിയ ആറംഗ ഗുണ്ടാ സംഘത്തിലെ വരടിയം സ്വദേശികളായ മാളിയേക്കൽ ഡയമണ്ട് സിജോ, സഹോദരൻ മിജോ, കൂട്ടാളികളായ ജിനോ, അഖിൽ എന്നിവരാണു കസ്റ്റഡിയിലായത്. 

പീച്ചി വനമേഖലയിൽ സംഘമെത്തിയെന്ന സൂചനയിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. വനം വകുപ്പിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയപ്പോൾ കടന്നുകളഞ്ഞ പ്രതികൾ പിന്നീട് ഗുരുവായൂരിലെത്തി കീഴടങ്ങിയതായാണ് സൂചന. കൊലപാതകത്തിനുപയോഗിച്ച പിക്കപ് വാൻ വിയ്യൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ മുണ്ടൂർ പാറപ്പുറത്തായിരുന്നു മുണ്ടൂർ വരടിയം കൂരിയാൽപാലം പറവട്ടാനി ശ്യാം (24), മുണ്ടത്തിക്കോട് ചൊവ്വല്ലൂർ ക്രിസ്റ്റോ (25) എന്നിവർ കൊല്ലപ്പെട്ടത്. പരുക്കേറ്റ വരടിയം തടത്തിൽ പ്രസാദ് (ശംഭു 24), വേലൂർ സ്വദേശി രാജേഷ് (24) എന്നിവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാജേഷിനെ ശസ്ത്രക്രിയയ്ക്കു ശേഷം ന്യൂറോ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ല. ശ്യാമിന്റെയും ക്രിസ്റ്റോയുടേയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.

കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട തർക്കവും കഞ്ചാവ് വിൽപന പൊലീസിന് ഒറ്റിക്കൊടുത്തതിലെ പ്രതികാരവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു.  പ്രസാദിന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന നൽകി.