'ഫാനി' മാരകമായേക്കും ; ഭീതിയില്‍ തീരദേശം ; നാലു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, മുന്നറിയിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2019 09:26 AM  |  

Last Updated: 26th April 2019 09:26 AM  |   A+A-   |  

 

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപമെടുത്ത ന്യൂനമര്‍ദം 'ഫാനി' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് -തെക്കന്‍ ആന്ദ്ര തീരത്ത് ഇടിച്ചിറങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേരളത്തിലും കര്‍ണാടകത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ശ്രീലങ്കയുടെ തെക്കുകിഴക്കായി ന്യൂനമര്‍ദം രൂപംകൊണ്ടത്. ഇത് ശക്തിപ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനം. മാരകം എന്നാണ് ഫാനി എന്ന ഉറുദു വാക്കിന്റെ അര്‍ത്ഥം. ഓഖിയോളം വരില്ലെങ്കിലും ദക്ഷിണേഷ്യന്‍ തീരത്ത് വന്‍നാശം വിതക്കാനുള്ള കരുത്ത് ഫാനിക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. 

ബംഗ്ലാദേശാണ് ഇത്തവണ ഇന്ത്യന്‍ മഹാസമുദ്രത്തിലെ കൊടുങ്കാറ്റിന് പേരിടുക. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ ഈ പേര് നല്‍കും. തുക്കത്തില്‍ 30 കിലോമീറ്റര്‍ വേഗതയിലുള്ള ഫാനി മൂന്ന് ദിവസം കടലിലൂടെ സഞ്ചരിക്കും. തുടര്‍ന്ന് ശ്രീലങ്കന്‍ തീരത്തുകൂടി തിങ്കളാഴ്ച രാവിലെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ തമിഴ്‌നാട് തീരത്ത് അടിക്കും. 

കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷിബ്ധമായിരിക്കും. അതിനാല്‍ വെള്ളിയാഴ്ച മുതല്‍ ആരും കടലില്‍ പോകരുതെന്ന് മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകളിലും മറ്റും പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 

കടല്‍ക്ഷോഭം രൂക്ഷമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ തീരത്തെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. തീരപ്രദേശത്ത് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. വെള്ളിയാഴ്ചമുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട് തീരത്തും മീന്‍പിടിക്കാന്‍ പോകരുത്.

ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. മലയോരത്തും കടല്‍ത്തീരത്തുമുള്ള വിനോദയാത്രയും ഒഴിവാക്കണം.

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളതീരത്തും കന്യാകുമാരിയിലും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ഞായര്‍ പുലര്‍ച്ചെകാറ്റുവീശും. ഇത് 50 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാം. കേരളത്തില്‍ മഴയ്ക്കും സാധ്യത. തിങ്കളാഴ്ച കാറ്റിന്റെ വേഗം 70 കിലോമീറ്റര്‍ വരെയാവും. മഴ ശക്തമാകും. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.