രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2019 04:22 PM  |  

Last Updated: 26th April 2019 04:22 PM  |   A+A-   |  

 

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി രമ്യ ഹരിദാസ് പറഞ്ഞു. 

19 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒമ്പതും അംഗങ്ങളാണുളളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രമ്യ ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടി വരും. അപ്പോള്‍ ബ്ലോക്ക് കക്ഷി നില ഒമ്പതു വീതമാകും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. ഇപ്പോള്‍ രാജിവെച്ചാല്‍ ലോക്‌സഭ ഫലപ്രഖ്യാപനത്തിന് മുമ്പേ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. രമ്യയ്ക്ക് അതുവരെ അംഗത്വം നിലനിര്‍ത്തുകയും വോട്ടു ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പിക്കുകയുമാകാമെന്നാണ് അനില്‍ അക്കര എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് അനുകൂലമായ നിലപാടാണ് രമ്യ ഹരിദാസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോഴെ രാജി സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് രമ്യ ഹരിദാസ് പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ മുന്നേറ്റം മണ്ഡലത്തില്‍ യുഡിഎഫിന് ഉണ്ടാക്കാന്‍ കഴിയുമെന്നും വിജയിക്കാന്‍ വേണ്ട ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണെന്നും രമ്യ ഹരിദാസ് പറയുന്നു. പ്രവര്‍ത്തന മേഖല പൂര്‍ണ്ണമായും ആലത്തൂരില്‍ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രമ്യ ഹരിദാസ് പറയുന്നു. ആലത്തൂരിനൊപ്പം എന്നുമുണ്ടാകുമെന്ന് വാക്ക് നല്‍കിയിരുന്നു . ഫലം വരുംമുന്‍പുള്ള പൊതു പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി കൂടിയാണെന്നാണ് രമ്യയുടെ അവകാശവാദം. അതേ സമയം ആലത്തൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം രമ്യക്ക് നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്. 

രാജിക്കാര്യത്തില്‍ രണ്ട് ദിവസത്തികം തീരുമാനം ഉണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.