രാഹുലിന്റെ ഭക്ഷണം പരിശോധിക്കാന്‍ എത്തിയത് മദ്യലഹരിയില്‍; പൊലീസുകാരന് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2019 08:19 AM  |  

Last Updated: 26th April 2019 08:19 AM  |   A+A-   |  

RAHUL_GANDHI

 

കണ്ണൂര്‍; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസുകാരന്‍ മദ്യലഹരിയിലെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരേ നടപടി. മദ്യപിച്ച് എത്തിയതായി തെളിഞ്ഞതോടെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശന വേളയിലാണ് സംഭവമുണ്ടായത്. 

കണ്ണൂര്‍ ഗവണ്‍മെന്ഡറ് ഗസ്റ്റ് ഹൗസില്‍ അത്താഴം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സിപിഒ അലക്‌സാണ്ടര്‍ ഡൊമിനിക് ഫെര്‍ണാണ്ടസിന് എതിരെയാണ് നടപടി. വിവിഐപിയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി മൂന്ന് മണിക്കൂര്‍ മുന്‍പ് ഭക്ഷണം പരിശോധിക്കണം എന്നാണ് ചട്ടം. എന്നാല്‍ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന അലക്‌സാണ്ടര്‍ മദ്യപിച്ചിരുന്നതിനാല്‍ എസ്പിജി ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. ഇതുമൂലം രാഹുലിന്റെ അത്താഴം വൈകുകയും ചെയ്തു. 

കണ്ണൂരിലും വയനാട്ടിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി ഈ മാസം 16 നാണ് പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. ഉദ്യോഗസ്ഥന്റെ കൃത്യവിലോഭത്തെക്കുറിച്ച് എസെിപിജിയുടെ ചുമതലയുള്ള ഐജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതായും സൂചനയുണ്ട്.