ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്; 12 ബസുകൾ പിടിച്ചെടുത്തു; 259 ബസുകൾക്കെതിരെ കേസ്

മോട്ടർ വാഹന വകുപ്പ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ 259 ബസുകൾക്കെതിരെ കേസ്
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്; 12 ബസുകൾ പിടിച്ചെടുത്തു; 259 ബസുകൾക്കെതിരെ കേസ്

തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ 259 ബസുകൾക്കെതിരെ കേസ്. ചേർത്തലയിൽ കല്ലടയുടെ രണ്ടെണ്ണമടക്കം 12 ബസുകൾ പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളിലായി പരിശോധനകളിൽ 3.74 ലക്ഷം രൂപ പിഴ ചുമത്തി. ലൈസൻസില്ലാത്ത 46 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. കോൺട്രാക്ട് കാര്യേജ് ലൈസൻസിന്റെ മറവിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തിയെന്നതാണു കണ്ടെത്തിയ പ്രധാന നിയമ ലംഘനം. കോൺട്രാക്ട് കാര്യേജ് ലൈസൻസിൽ ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റാൻ പാടില്ല. ചരക്കു കൊണ്ടുപോകുന്നിനും വിലക്കുണ്ട്. എന്നാൽ പരമാവധി 5000 രൂപ പിഴ ഈടാക്കാൻ മാത്രമാണു വ്യവസ്ഥയുള്ളത്. ഇവ വീണ്ടും സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കോട്ടയം ജില്ലയിലൂടെ കടന്നു പോകുന്ന സ്റ്റേജ് കാരിയേജ് ബസുകളിൽ മോട്ടോർ വാഹന വകുപ്പു പരിശോധന നടത്തി. ബുധനാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്നലെ വൈകീട്ടു വരെ നീണ്ടു. കുമളി ചെക് പോസ്റ്റ് വഴി പോയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ആറ് ബസുകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. കൊല്ലത്ത് ക്രമക്കേടു കണ്ടെത്തിയ ആറ് ബസുകൾക്ക് 25,000 രൂപ പിഴ ഈടാക്കി. ചേർത്തലയിൽ എട്ട് ടൂറിസ്റ്റ് ബസുകളും നാല് സംസ്ഥാനാന്തര ബസുകളുമാണു പിടിച്ചെടുത്തത്. കെഎസ്ആർടിസിക്കു സമാന്തരമായി ചെന്നൈ, മധുര, ഈറോഡ്, മംഗളൂരു, ബംഗളൂരു, പുതുച്ചേരി എന്നിവിടങ്ങളിലേക്കു രേഖകളില്ലാതെ സർവീസ് നടത്തിയ ബസുകളാണിവ. നിരോധിത എയർ ഹോണുകളും ഗാർഹിക പാചകവാതക സിലിണ്ടറുകളും വരെ കണ്ടെത്തി.

വാളയാർ ടോൾ പ്ലാസയ്ക്കു സമീപം രാത്രി നടത്തിയ പരിശോധനയിൽ മാത്രം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച 119 ബസുകൾ പിടിച്ചു. 26 എണ്ണത്തിൽ‌ നിന്ന് 1.30 ലക്ഷം രൂപ പിഴ ഈടാക്കി. എറണാകുളം ആർടിഒയുടെ പരിധിയിൽ ലൈസൻസ് ഇല്ലാത്ത 45 ബുക്കിങ് ഏജൻസി ഓഫിസുകൾക്കു നോട്ടീസ് നൽകി. 11 ബസുകൾക്കെതിരെ കേസെടുക്കുകയും 35,000 രൂപ പിഴ ചുമത്തുകയും ചെയ്തു. തിരുവല്ലയിൽ ആറും പത്തനംതിട്ട, അടൂർ, പന്തളം എന്നിവിടങ്ങളിൽ ഒന്നു വീതവും ബസുകൾക്കെതിരെ നടപടിയെടുത്തു. പത്തനംതിട്ടയിൽ അഞ്ചും അടൂരിൽ നാലും ബുക്കിങ് ഓഫീസുകൾക്ക് നോട്ടീസ് നൽകി. ലൈസൻസ് മൂന്ന് ദിവസത്തിനകം ഹാജരാക്കിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com