ബിജെപിക്ക് വോട്ടുചെയ്യാന്‍ ഇറങ്ങുന്നവര്‍ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ല ; കേരളത്തെ വിമര്‍ശിച്ച് വീണ്ടും മോദി

വളരെ കഷ്ടപ്പെട്ടാണ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപിക്ക് വേണ്ടി വോട്ടുചെയ്യാന്‍ പോകുന്നവര്‍ തിരികെ വരുമെന്ന് പോലും ഉറപ്പില്ല
ബിജെപിക്ക് വോട്ടുചെയ്യാന്‍ ഇറങ്ങുന്നവര്‍ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ല ; കേരളത്തെ വിമര്‍ശിച്ച് വീണ്ടും മോദി

വാരാണസി : കേരളത്തില്‍ ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവഭയത്തോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് മോദി കേരളത്തിനെക്കുറിച്ച് പരാമര്‍ശിച്ചത്. കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്താന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ജീവന്‍ പണയം വെച്ചാണ് ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. 

അമ്മയോട് യാത്ര പറഞ്ഞാണ് പലരും വീട്ടില്‍ നിന്നും ബിജെപി പ്രവര്‍ത്തനത്തിനായി ഇറങ്ങുന്നത്. വളരെ കഷ്ടപ്പെട്ടാണ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപിക്ക് വേണ്ടി വോട്ടുചെയ്യാന്‍ പോകുന്നവര്‍ തിരികെ വരുമെന്ന് പോലും ഉറപ്പില്ല. ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും ബിജെപി പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയുമാണ്. 

എന്നാല്‍ ഉത്തരേന്ത്യയില്‍ സ്ഥിതി അതല്ല. ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയം രാഷ്ട്രീയപ്രവര്‍ത്തനം നടത്താം. വാരാണസി ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ എന്നെ അനുഗ്രഹിക്കുകയായിരുന്നു. മെയ് മാസത്തിലെ കടുത്ത ചൂടിനെ പോലും അവഗണിച്ച് വോട്ടിംഗ് റെക്കോര്‍ഡുകള്‍ കട പുഴക്കുന്നത് നമ്മള്‍ ലോകത്തിന് കാണിച്ചു കൊടുക്കും. മുന്‍പത്തെ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനം നമ്മള്‍ ഇക്കുറി തിരുത്തും. 

ഞാന്‍ സ്വയം താഴേത്തട്ടിലുള്ള പ്രവര്‍ത്തകനായാണ് സേവനം ചെയ്യുന്നത്. താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം എന്നെ പഠിപ്പിച്ചത് നിങ്ങള്‍ പ്രവര്‍ത്തകരാണ്. കടുത്ത ചൂടിനെ പോലും വക വയ്ക്കാതെയാണ് ബിജെപിയുടെ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി ജനങ്ങളുടെ അനുഗ്രഹം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു. 

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കാശിഘട്ട് മുതല്‍ പോര്‍ബന്തര്‍ വരെ രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ 'ഫിര്‍ ഏക് ബാര്‍, മോദി സര്‍ക്കാര്‍' എന്ന കാര്യമാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന ബിജെപി പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വാരാണസിയില്‍ നരേന്ദ്രമോദി അല്‍പ്പസമയത്തിനകം നോമിനേഷന്‍ സമര്‍പ്പിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com