കുഞ്ഞാലിക്കുട്ടിയുടെ വിജയം രണ്ടു ലക്ഷം വോട്ടിന് ; ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നുമാത്രം രാഹുലിന് ലക്ഷത്തിലേറെ ഭൂരിപക്ഷം ; യുഡിഎഫ് വിലയിരുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2019 10:17 AM  |  

Last Updated: 26th April 2019 10:17 AM  |   A+A-   |  

 

മലപ്പുറം : മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍മുന്നേറ്റം നടത്തുമെന്ന് വിലയിരുത്തല്‍. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ അവലോകന യോഗത്തിലാണ് വിലയിരുത്തല്‍. 

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി രണ്ട് ലക്ഷത്തില്‍പ്പരം വോട്ടിന് വിജയിക്കും. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ 75,000ല്‍ അധികം വോട്ടിനും വിജയിക്കുമെന്ന് നേതൃയോഗം വിലയിരുത്തി.

വയനാട് മണ്ഡലത്തിന്റെ ഭാഗമായ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം ലഭിക്കും. ബൂത്ത് തല കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു നേതൃയോഗത്തിന്റെ വിലയിരുത്തല്‍. 

മുന്നണി സംവിധാനമില്ലാത്ത സ്ഥലങ്ങളില്‍പ്പോലും ലീഗിനൊപ്പം കോണ്‍ഗ്രസും സജീവമായിരുന്നു. കോട്ടക്കല്‍, തിരൂരങ്ങാടി, തിരൂര്‍ മണ്ഡലങ്ങളില്‍ ഇടി മുഹമ്മദ് ബഷീറിന് മുന്‍തൂക്കമുണ്ടാകും. താനൂരില്‍ ലീഡ് ലഭിക്കും. ഇടതുമുന്നണിയുടെ കൈവശമുള്ള തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ ഒപ്പത്തിനൊപ്പമാകും പോരാട്ടം.

തൃത്താല മണ്ഡലത്തിലും യുഡിഎഫ് മുന്നേറ്റം ഉറപ്പാണ്. 75,000 മുതല്‍ ഒരു ലക്ഷം വരെ വോട്ടിന് ഇ ടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്ന് മുന്നണി ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞ പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളില്‍ കുഞ്ഞാലിക്കുട്ടി ഇത്തവണ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. മലപ്പുറത്തെ ഭൂരിപക്ഷം രണ്ടേകാല്‍ ലക്ഷം വരെയാകാം. 

രാഹുല്‍ഗാന്ധി മല്‍സരിക്കാനെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മികച്ച പ്രവര്‍ത്തനം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും യുഡിഎഫിന് ഗുണം ചെയ്തതായി നേതാക്കള്‍ വിലയിരുത്തുന്നു.