മസാലബോണ്ടിന്റെ വിജയം ആഘോഷിക്കാന്‍ മുഖ്യമന്ത്രി ലണ്ടനിലേക്ക്; പത്ത് ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനായി മെയ് എട്ടിന് പുറപ്പെടും

മസാലബോണ്ടിന്റെ വിജയം ആഘോഷിക്കാന്‍ മുഖ്യമന്ത്രി ലണ്ടനിലേക്ക്; പത്ത് ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനായി മെയ് എട്ടിന് പുറപ്പെടും

പത്ത് ദിവസത്തെ പര്യടനത്തില്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം; പത്തു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് എട്ടിന് പുറപ്പെടും. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി സംസ്ഥാന സര്‍ക്കാരിന്റെ മസാലബോണ്ട് വിജയകരമായി വിറ്റഴിക്കാന്‍ കഴിഞ്ഞതിന്റെ ആഘോഷ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. മേയ് 17ന് ലണ്ടനിലാണ് വിജയാഘോഷം നടക്കുക. 

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി തോമസ് ഐസക്കും കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാമും ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യന്‍ രൂപയില്‍ വിദേശത്ത് ഇറക്കുന്ന കടപ്പത്രമായ മസാലബോണ്ടുവഴി 2650 കോടി സമാഹരിക്കാനാണ് കിഫ്ബിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 2150 കോടി സമാഹരിച്ചു. ഇതിന്റെ വിജയാഘോഷമാണ് ലണ്ടനില്‍ സംഘടിപ്പിക്കുന്നത്. സിങ്കപ്പൂര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോണ്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

പത്ത് ദിവസത്തെ പര്യടനത്തില്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.  ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും ഒപ്പമുണ്ടാകും.

യു.എന്‍.ഇ.പി.യുടെ റൂം ഫോര്‍ റിവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതര്‍ലന്‍ഡ്‌സിലെ നൂര്‍വാര്‍ഡ് മേഖലയും സംഘം സന്ദര്‍ശിക്കും. നെതര്‍ലന്‍ഡ്‌സ് വാട്ടര്‍മാനേജ്‌മെന്റ് മന്ത്രിയുമായും സംഘം ചര്‍ച്ച ചെയ്യും.13 മുതല്‍ 15 വരെ ജനീവയില്‍ നടക്കുന്ന യു.എന്‍. വേള്‍ഡ് റീകണ്‍സ്ട്രക്ഷന്‍ കോണ്‍ഫറന്‍സിലും സംഘം പങ്കെടുക്കും. റവന്യൂ സെക്രട്ടറി ഡോ. വി.വേണു, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടാകും. 16ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാരീസിലെ മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തും. 17ന് മസാലബോണ്ടുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കുശേഷം 18ന് മടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com