ആലത്തൂരില്‍ പികെ ബിജു അന്‍പതിനായിരം വോട്ടുകള്‍ക്ക് ജയിക്കും; തൃശൂരില്‍ രാജാജിയുടെ ഭൂരിപക്ഷം 46,000; എല്‍ഡിഎഫിന്റെ കണക്ക് ഇങ്ങനെ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th April 2019 11:21 PM  |  

Last Updated: 27th April 2019 11:21 PM  |   A+A-   |  

 

കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആലത്തൂര്‍. ഇടതുകോട്ടയായ ആലത്തൂരില്‍ പി.കെ ബിജുവിനെ നേരിടാന്‍ യുഡിഎഫ് രമ്യാ ഹരിദാസിനെ ഇറക്കിയതോടെയാണ് ചിത്രം മാറുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ആലത്തൂര്‍ കൈവിടില്ലെന്ന് ഉറപ്പിക്കുകയാണ് സിപിഎം. ആലത്തൂരില്‍ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.കെ ബിജു വിജയിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. പ്രാദേശിക ഘടകങ്ങള്‍ നല്‍കിയ കണക്കിനെ അടിസ്ഥാനമാക്കിയാണ് ഈ വിവരം. ആലത്തൂരിനൊപ്പം ത്രികോണ മല്‍സരം നടന്ന തൃശൂരും എല്‍ഡിഎഫ് സ്ഥാനാര്‍ഥി 46,000 വോട്ടും ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എല്‍ഡിഎഫ് ക്യാംപ് കരുതുന്നു. 

തൃശൂര്‍ മണ്ഡലത്തില്‍ തൃശൂര്‍ നിയമസഭാ മണ്ഡലം ഒഴിച്ച് ആറിടത്തും ലീഡു ചെയ്യുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. 8000 വോട്ടുവരെ ഇവിടെ പുറകിലാകാം. ഇവിടെ ബിജെപി മുന്നിലെത്തുമെന്നും സൂചനയുണ്ട്.പുതുക്കാട് 14,000 വോട്ടും മണലൂരില്‍ 10,000 വോട്ടും ഭൂരിപക്ഷമുണ്ടാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. ഒല്ലൂരില്‍ 2000 വോട്ടും നാട്ടികയില്‍ 8,000 വോട്ടും മുന്നിലാകും. മണലൂരില്‍ 5000 വോട്ടുവരെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. ഗുരുവായൂരിലും 10,000 വോട്ടെങ്കിലും ഭൂരിപക്ഷമുണ്ടാകും. ബൂത്ത് തിരിച്ചു കണക്കെടുപ്പു നടത്തി ക്രോഡീകരിച്ച കണക്കു നല്‍കിയിട്ടില്ല. എല്‍ഡിഎഫ് കണക്കനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തിലും യുഡിഎഫ് മുന്നിലെത്തില്ല.

ആലത്തൂരില്‍ 50,000 വോട്ടിനാകും പി.കെ.ബിജു വിജയിക്കുകയെന്ന് പറയുന്നു. ജില്ലയില്‍പ്പെട്ട കുന്നംകുളം, ചേലക്കര മണ്ഡലങ്ങളില്‍നിന്നു 10,000 വോട്ടെങ്കിലും ഭൂരിപക്ഷം കിട്ടും. വടക്കാഞ്ചേരിയില്‍ 2000 വോട്ടുവരെ പുറകില്‍ പോയേക്കാം. ചാലക്കുടിയിലെ വിജയത്തെക്കുറിച്ച് എല്‍ഡിഎഫിന് ഉറപ്പില്ല. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍നിന്നായി 20,000 വോട്ടെങ്കിലും ഭൂരിപക്ഷമുണ്ടാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എല്‍ഡിഎഫ് എന്നു പറയുന്നുണ്ടെങ്കിലും കണക്കു തയാറാക്കിയതു പ്രധാനമായും സിപിഎമ്മാണ്. ശബരിമല പ്രശ്‌നമായിട്ടില്ലെന്നും ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിനു കിട്ടിയെന്നുമുള്ള കണക്കുകൂട്ടലാണ് വിലയിരുത്തലിന്റെ അടിസ്ഥാനം.