കെട്ടിടങ്ങളിലേക്കുള്ള വഴി തടഞ്ഞ് റോഡിൽ പാർക്കിങ് പാടില്ലെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2019 05:05 AM  |  

Last Updated: 27th April 2019 05:08 AM  |   A+A-   |  

Kerala-High-Court-min

 

കൊച്ചി: പൊതു റോഡിനോടു ചേർന്നുള്ള കട മുറികൾക്കും കെട്ടിടങ്ങൾക്കും മുന്നിൽ സ്ഥിരമായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതു റോഡിലേക്കു സുഗമമായി പ്രവേശിക്കാനുള്ള കട ഉടമകളുടെ അവകാശം നിഷേധിക്കലാകുമെന്ന് ഹൈക്കോടതി. ചവറ- ശാസ്താംകോട്ട റോഡിനു സമീപമുള്ള കടമുറികളുടെയും കെട്ടിടങ്ങളുടെയും ഉടമ തേവലക്കര സ്വദേശി എം നൗഷാദ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പിആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് എൻ അനിൽകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പൊതു റോഡിനോടു ചേർന്നു ഭൂമിയുള്ളവർക്ക് അവരുടെ ഭൂമിയുടെ ഏതു ഭാഗത്തു നിന്നും റോഡിലേക്കു പ്രവേശിക്കാനും തടസ്സമുണ്ടായാൽ നടപടിയെടുക്കാനും അവകാശമുണ്ടെന്ന വിവിധ സംസ്ഥാന ഹൈക്കോടതികളുടെ വിധികൾ കോടതി ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപന അധികൃതർ ടാക്സി വാഹനങ്ങൾക്കു സ്റ്റാൻഡ് അനുവദിക്കുന്നതു സംബന്ധിച്ച നടപടിക്രമം പഞ്ചായത്തിരാജ് ചട്ടങ്ങളിൽ പറയുന്നുണ്ടെന്ന് കോടതി പറഞ്ഞു. മോട്ടോർ വാഹന നിയമത്തിലും ബന്ധപ്പെട്ട വ്യവസ്ഥകളുണ്ട്. കേരള പൊലീസ് നിയമത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റികൾക്കും വ്യവസ്ഥയുണ്ട്. റോഡിനോടു ചേർന്നുള്ള കടകൾക്കും കെട്ടിടങ്ങൾക്കും മുന്നിലായി അനധികൃത ഓട്ടോ പാർക്കിങ് അനുവദനീയമല്ലെന്നു കോടതി പറഞ്ഞു.

സ്ഥിരമായി  ഓട്ടോ പാർക്ക് ചെയ്യുന്നതു മൂലം കടകളിലേക്കും വീടുകളിലേക്കുമുള്ള പ്രവേശനം തടസ്സപ്പെടുന്നതായി ആരോപിച്ച് കലക്ടർക്കും പൊലീസിനും പഞ്ചായത്തിനും ഹർജിക്കാർ പരാതി നൽകിയിരുന്നു. അവിടെ ഓട്ടോ സ്റ്റാൻഡ് അനുവദിച്ചിട്ടില്ലെന്ന് തേവലക്കര പഞ്ചായത്ത് വിവരാവകാശ അപേക്ഷയ്ക്കു മറുപടി നൽകി. എന്നാൽ, പൊതു റോഡ് ആർക്കും തനിച്ച് അവകാശപ്പെട്ടതല്ലെന്ന് ഓട്ടോറിക്ഷക്കാർ വാദിച്ചു. മാത്രമല്ല, ഷോപ്പുകൾക്കു മുന്നിൽ അനധികൃത ഷെഡും മറ്റും കൂട്ടിച്ചേർത്ത് കടക്കാർ ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ടെന്നും ആരോപിച്ചു. റോഡിലേക്ക് അനധികൃതമായി ഷെഡ് കെട്ടിയിറക്കിയിട്ടുണ്ടെങ്കിൽ പഞ്ചായത്തിരാജ് നിയമപ്രകാരം അധികൃതർക്കു നടപടി സാധ്യമാണെന്ന് കോടതി വ്യക്തമാക്കി.

അംഗീകൃത ഓട്ടോ പാർക്കിങ്ങിനു സ്ഥലം അനുവദിക്കുന്ന കാര്യം സമയബന്ധിതമായി തീരുമാനിക്കണമെന്നു കോടതി നിർദേശിച്ചു. അതുവരെ തത്കാലിക ക്രമീകരണത്തിനും നിർദേശം നൽകി. അനധികൃത പാർക്കിങ് ഇല്ലെന്നു പൊലീസ് ഉറപ്പാക്കണമെന്നും നിർദേശിച്ചു.