നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാഗമ്പടം മേല്‍പ്പാലം പൊളിക്കുന്നു; പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th April 2019 07:09 AM  |  

Last Updated: 27th April 2019 08:43 AM  |   A+A-   |  

 

കോട്ടയം: നാഗമ്പടം പഴയ മേല്‍പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാളെ പൊളിച്ചുനീക്കും. നാഗമ്പടത്ത് പുതിയ മേല്‍പ്പാലം വന്നതോടെയാണ് റെയില്‍വേ പാതയ്ക്കും പുതിയ മേല്‍പാലത്തിനും തകരാര്‍ സംഭവിക്കാത്ത വിധം പാലം പൊളിച്ച് നീക്കുന്നത്. 

ശനിയാഴ്ച്ച കോട്ടയം വഴിയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി. എംസി റോഡില്‍ രാവിലെ 10 മുതല്‍ ഒന്നര മണിക്കൂര്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ പൂര്‍ണമായും ഉപയോഗശൂന്യമായ പഴയ മേല്‍പാലത്തിന്റെ തൂണുകളില്‍ തുളയുണ്ടാക്കി സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

റെയില്‍വേ ട്രാക്കിനു മുകളിലൂടെ കടന്നുപോകുന്ന ശേഷി കൂടിയ വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ശനിയാഴ്ച്ച രാവിലെ അഴിച്ചു മാറ്റി റെയില്‍ പാളം മൂടിയ ശേഷമാണ് റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് സ്‌ഫോടനം നടത്തി പാലം തകര്‍ക്കുക. ചെന്നൈ ആസ്ഥാനമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ടാണ് പാലം പൊളിക്കാന്‍ കരാര്‍ എടുത്തിട്ടുള്ളത്.

വൈദ്യുതി ലൈന്‍ വീണ്ടും പൂര്‍വ സ്ഥിതിയില്‍ സ്ഥാപിക്കുകയും റെയില്‍വേ സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിക്കുകയും ചെയ്താല്‍ മാത്രമേ വീണ്ടും ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയു.