രാമന്‍ ഞങ്ങളുടെ വികാരം; സേവ് രാമന്‍; ടിവി അനുപമയുടെ പേജില്‍ അഭ്യര്‍ത്ഥന പ്രവാഹം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th April 2019 05:59 AM  |  

Last Updated: 27th April 2019 05:59 AM  |   A+A-   |  

 

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ മാറ്റുകൂട്ടാന്‍ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ ചര്‍ച്ചകളും സജീവമാവുകയാണ്. തൃശൂര്‍ കലക്ടര്‍ ടി.വി അനുപമയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ സേവ് രാമന്‍ എന്ന ഹാഷ്ടാഗുമായി ഒട്ടേറെ ആനപ്രേമികളാണ് എത്തുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനെ ചൊല്ലി ആന ഉടമകളും ജില്ലാ കലക്ടറും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ക്യാംപെയിന്‍ തുടങ്ങിയത്. 

സേവ് രാമന്‍ എന്ന ഹാഷ്ടാഗോടെയാണ് കമന്റുകള്‍ എത്തുന്നത്. രാമന്‍ ഞങ്ങളുടെ വികാരമാണെന്നും പൂരത്തിന് രാമന് അനുമതി നല്‍കണമെന്ന ആവശ്യവുമായി ആനപ്രേമികളുടെ കമന്റുകള്‍ നിറയുന്നത്. എന്നാല്‍ രാമനെ സേവ് ചെയ്യാനുള്ള നടപടിയുമായിട്ടാണ് കലക്ടര്‍ മുന്നോട്ട് പോകുന്നത് വ്യക്തമാക്കി പിന്തുണയുമായി ഒട്ടേറെ പേരും രംഗത്തെത്തിയിട്ടുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് സര്‍ക്കാര്‍ ഇടപ്പെട്ട് നീക്കിയെന്ന് ആന ഉടമകളുടെ വാദം കലക്ടര്‍ അംഗീകരിച്ചിരുന്നില്ല. വിലക്കിനെ ചൊല്ലിയുള്ള അവ്യക്തത നീക്കാന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ വീണ്ടും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. തൃശൂര്‍ പൂരം ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ ആന ഉടമകള്‍ പ്രതിഷേധം രേഖപ്പെടുത്തി. വിലക്ക് നീക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെങ്കില്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ഉടമകള്‍ മുന്നറിയിപ്പു നല്‍കി. 

നേരത്തെ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഗുരുവായൂരില്‍ ആന ആളെക്കൊന്ന സാഹചര്യത്തിലായിരുന്നു ഇത്. മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഇടപ്പെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചിരുന്നു. വിലക്കുണ്ടാകില്ലെന്ന് സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, വിലക്കുണ്ടെന്ന വാദം ഉയര്‍ന്നത്.