ഈ കാലഘട്ടത്തില്‍ ഇടതുപക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാസിസ്റ്റുകള്‍ക്ക് വളമാകും: കള്ളവോട്ട് വിവാദത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് ബല്‍റാം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th April 2019 08:47 PM  |  

Last Updated: 27th April 2019 08:47 PM  |   A+A-   |  

VT-Balram_(1)

 

കൊച്ചി: കണ്ണൂരിലെ കള്ളവോട്ട് വിവാദത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ.'കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് രീതിയല്ല. ഈ കാലഘട്ടത്തില്‍ ഇടതുപക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാസിസ്റ്റുകള്‍ക്ക് വളമാകും. മാനവരില്‍ മഹോന്നതനായ നവോത്ഥാന നായകന്റെ ആയിരം ദിവസത്തെ എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതില്‍ ഇരുപത് സീറ്റും ഇടതുപക്ഷത്തിന് തൂത്തുവാരാന്‍ എന്ന് മനസ്സിലാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതാണ്.'-ലെ ആസ്ഥാന ബുദ്ധിജീവി- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കള്ളവോട്ട് ചെയ്തുവെന്ന ആരോപണം നേരത്തെ സിപിഎം നിഷേധിച്ചിരുന്നു. പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും പക്ഷേ മുറിച്ചു ഉപയോഗിച്ചുവെന്നും എംവി ജയരാജന്‍ പറഞ്ഞു. സുമയ്യ ചെയ്തത് സ്വന്തം വോട്ടും ഓപ്പണ്‍ വോട്ടുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മും ഇടതുപക്ഷവും കള്ളവോട്ടുകള്‍ ചെയ്യുന്നലരല്ല. കള്ളവോട്ട് ചെയ്തുവെന്ന് പ്രസീഡിങ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് പരാജയഭീതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സഹായികളായി പോയവരെ കള്ളവോട്ട് ചെയ്തവരാണെന്ന് ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ പത്തൊമ്പതാം നമ്പര്‍ ബൂത്തിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ കള്ളവോട്ട് ചെയ്തുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. 50000വലധികം കള്ളവോട്ടുകള്‍ സിപിഎം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പരാജയഭീതി പൂണ്ട സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തു എന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.