ഉറക്ക ​ഗുളിക കൊടുത്ത് ഉദ്യോ​ഗസ്ഥരെ മയക്കി കണ്ണൂർ ജയലിൽ തടവു ചാട്ട ശ്രമം; വിനയായത് സിസിടിവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2019 05:08 AM  |  

Last Updated: 27th April 2019 05:08 AM  |   A+A-   |  

JAIL-703x422

 

കണ്ണൂർ: ഉദ്യോഗസ്ഥരെ ഗുളിക കൊടുത്ത് ഉറക്കിക്കിടത്തി ജയിൽ ചാടാൻ തടവുകാരുടെ ശ്രമം. കണ്ണൂർ ജില്ലാ ജയിലിൽ മൂന്ന് റിമാൻഡ് തടവുകാരാണു ജയിൽ ചാടാൻ ശ്രമിച്ചത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കു ചായയിൽ ഉറക്ക ഗുളിക ചേർത്തു നൽകിയ ശേഷമായിരുന്നു ഇവരുടെ ശ്രമം. ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ കണ്ണിൽപെട്ടതോടെ തടവു ചാടൽ ശ്രമം പരാജയപ്പെട്ടു. 24നു പുലർച്ചെ നടന്ന സംഭവം പുറത്തു വന്നത് പിറ്റേന്ന് അടുക്കളയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ്.

ജയിലിൽ അടുക്കള ജോലി ചെയ്യുന്ന റഫീഖ്, അഷ്റഫ് ഷംസീർ, അരുൺ എന്നീ തടവുകാരാണ് ഉദ്യോഗസ്ഥരെ ഉറക്കി രക്ഷപ്പെടാൻ ശ്രമിച്ചത്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുകുമാരൻ, അസി. പ്രിസൺ ഓഫീസർമാരായ യാക്കൂബ്, ബാബു, താത്കാലിക വാർഡൻ പവിത്രൻ എന്നിവരാണു രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവർ ചായ കുടിച്ചതോടെ ഉറങ്ങിപ്പോയി. അടുക്കള ജോലിയുണ്ടായിരുന്ന മറ്റു തടവുകാരും ഉറങ്ങി. താക്കോൽ കൈക്കലാക്കി രക്ഷപ്പെടാനായി മൂന്ന് തടവുകാരും പ്രധാന ഗേറ്റിനു സമീപമെത്തി. ഗേറ്റിനു സമീപത്തെ മുറിയിൽ ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന അസി. പ്രിസൺ ഓഫീസർ സജിത്ത് ഇവരെ കണ്ട് ചോദ്യം ചെയ്തു.

പൈപ്പിലൂടെ വെള്ളം വരാത്തതിനാൽ നോക്കാനെത്തിയതാണ് എന്നായിരുന്നു മറുപടി. തടവു ചാടാനുള്ള ശ്രമമാണെന്ന സംശയം അപ്പോഴുണ്ടായില്ല. അധികം വൈകാതെ സുകുമാരനും പവിത്രനും തല ചുറ്റലുണ്ടായി. ജയിൽ ഡോക്ടറെത്തി പരിശോധിച്ചപ്പോൾ ഭക്ഷ്യ വിഷബാധ എന്നായിരുന്നു നിഗമനം. രക്ത സമ്മർദം ഉയർന്നതിനെത്തുടർന്ന് ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ അടുക്കളയിലെത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാംപിൾ ശേഖരിക്കുകയും ചെയ്തു. 

എന്നാൽ, സംശയം തോന്നിയ ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ അടുക്കളയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് തടവു ചാടൽ ശ്രമം പുറത്തായത്. റഫീഖ്, അഷ്റഫ് ഷംസീർ, അരുൺ എന്നിവർ അടുക്കളയിൽ ഗൂഢാലോചന നടത്തുന്നതും റഫീഖ് മടിക്കുത്തിലെ പൊതി തുറന്ന് പൊടിയെടുത്ത് ഉദ്യോഗസ്ഥർക്കുള്ള ചായയിൽ കലർത്തുന്നതും ദൃശ്യത്തിൽ വ്യക്തമായി. മൂന്ന് ഉറക്ക ഗുളികകൾ ചായയിൽ പൊടിച്ചു ചേർത്തതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. മനോദൗർബല്യമുള്ള തടവുകാർക്ക് രാത്രിയിൽ ഉറക്കം കിട്ടാനായി ഡോക്ടർ കുറിച്ചുകൊടുത്ത ഗുളികകൾ ഇവർ കൈവശപ്പെടുത്തുകയായിരുന്നുവെന്നു ജയിൽ അധികൃതർ പറഞ്ഞു.

ജയിലിൽ നിന്നുള്ള പരാതിയിൽ മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവരെ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റി. റഫീഖ് പിടിച്ചുപറിക്കേസിലും അഷ്റഫ് കഞ്ചാവ് കേസിലും അരുൺ കൊലക്കേസിലും പ്രതിയാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവുകാർ രക്ഷപ്പെട്ട സംഭവങ്ങളുണ്ടെങ്കിലും ഗുളിക നൽകി ഉറക്കിക്കിടത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച സംഭവം സംസ്ഥാനത്ത് ആദ്യമാണ്.