കള്ളവോട്ട്: കേസുമായി പോകാന്‍ താനില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; 'ഭാര്യയെയും മക്കളെയും കടത്തിണ്ണയില്‍ കിടത്താന്‍ ഞാനില്ല'

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th April 2019 10:58 PM  |  

Last Updated: 27th April 2019 10:58 PM  |   A+A-   |  

 

കൊച്ചി: കണ്ണൂരിലെയും കാസര്‍കോട്ടെയും കള്ളവോട്ടുകള്‍ക്കെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ ഇല്ലെന്ന് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പാമോയില്‍ കേസില്‍ പ്രതിയായി സുപ്രീം കോടതിയില്‍ പോയ മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍  ഒരിക്കല്‍ സ്വകാര്യയാത്രയില്‍ തനിക്ക് ഒരു ഉപദേശം നല്‍കിയിരുന്നു. ജീവിതത്തില്‍  ഒരിക്കലും വാദിയായും പ്രതിയായും സുപ്രീം കോടതിയില്‍ പോകരുതെന്ന് എന്നാണ്. പോയാല്‍ നിന്റെ കിടപ്പാടം മുഴുവന്‍ വില്‍ക്കേണ്ടി വരും. കടത്തിണ്ണയില്‍ കിടക്കേണ്ടി വരും. ഒരുസിറ്റിങിന് ഫീസ് നല്‍കിയില്ലെങ്കില്‍ ജൂനിയറിനെ അയക്കുമെന്നായിരുന്നു അന്ന് കരുണാകരന്‍ പറഞ്ഞത്. അതുകൊണ്ട് കള്ളവോട്ടുമായി ബന്ധപ്പെട്ട് കേസുമായി പോകാന്‍ തയ്യാറില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.  മരിക്കുന്നതുവരെ സുപ്രീം കോടതിയില്‍ പോകാന്‍ തയ്യാറാല്ല. കാരണം തന്റെ ഭാര്യയെയും മക്കളെയും കടത്തിണ്ണയില്‍ കിടത്താന്‍ താന്‍ തയ്യാറാല്ല. അവരുടെ കിടപ്പാടം നഷ്ടപ്പെടുത്താന്‍ താനില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

മുഖ്യമന്ത്രിയുടെ അറിവോടെയാണ് കണ്ണുൂരിലും കാസര്‍കോട്ടും കള്ളവോട്ട് നടന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നുപറയുന്നത് കണ്ണൂര്‍ ലോബിയുടെ കൈപ്പിടിയിലാണ്. ഇതില്‍ നിന്ന് മുക്തമായാലേ കള്ളവോട്ടുകള്‍ക്ക് ശമനമാകുകയുള്ളു. കാസര്‍കോട്ട് എത്ര കള്ളവോട്ട് ചെയ്താലും തന്നെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്. ഇവരെ അയോഗ്യരാക്കണം. ഞങ്ങളുടെ ബൂത്ത് ഏജന്റ്മാരെയടക്കം പുറത്താക്കി. കളക്ടറോട് നിരവധി തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കള്ളവോട്ടിനെതിരെ ഞാന്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ പറഞ്ഞു. പലരും തന്നോട് ചോദിച്ചിരുന്നു നിങ്ങളിതൊക്കെ വെറുതെ പറയുകയല്ലെ എന്ന്. ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതിലൂടെ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും. ലക്ഷ്യത്തിലേക്ക് എത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നവരാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു