തീവ്രവാദികളുടെ സംഘം തമിഴ്‌നാട്ടിലെ രാമനാഥപുരത്തെത്തിയെന്ന് റിപ്പോര്‍ട്ട്: സംഘത്തില്‍ 19 പേര്‍, സുരക്ഷ ശക്തമാക്കി റെയില്‍വേ

ബസ് സ്റ്റാന്റുകള്‍, വിമാനത്താവളം, മാളുകള്‍ എന്നിവയ്ക്കും വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
തീവ്രവാദികളുടെ സംഘം തമിഴ്‌നാട്ടിലെ രാമനാഥപുരത്തെത്തിയെന്ന് റിപ്പോര്‍ട്ട്: സംഘത്തില്‍ 19 പേര്‍, സുരക്ഷ ശക്തമാക്കി റെയില്‍വേ

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദികളുടെ സംഘം തമിഴ്‌നാട്ടിലെ രാമനാഥപുരത്തെത്തിയെന്ന് റിപ്പോര്‍ട്ട്. സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവര്‍ തമിഴ്‌നാട്ടിലെ ഹൊസൂറില്‍നിന്ന് ബെംഗളൂരു സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഇന്നലെയാണ് ഭീഷണി സന്ദേശം കൈമാറിയത്. 

നേരത്തെ ഏഴ് തീവ്രവാദികളെത്തിയെന്നായിരുന്നു സന്ദേശം. എന്നാല്‍ ഇവര്‍ 19 പേരുണ്ടെന്നാണ് പുതിയ വിവരം. ഇവര്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് എത്തിയെന്ന് ഇന്നലെ വൈകീട്ടാണ് ബെംഗളൂരു സിറ്റി പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചത്. 

ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് റെയില്‍വേയില്‍ സുരക്ഷ ശക്തമാക്കി. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് എല്ലാ സ്റ്റേഷനുകളിലും പരിശോധന നടത്തുകയാണ്. പാഴ്‌സല്‍ സര്‍വീസുകള്‍ പ്രത്യേകം നിരീക്ഷിക്കും. ബസ് സ്റ്റാന്റുകള്‍, വിമാനത്താവളം, മാളുകള്‍ എന്നിവയ്ക്കും വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവയാണ് ഭീകരാക്രമണ ഭീഷണിയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ബെംഗളൂരു സിറ്റി പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരളം ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌ഫോടനം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കന്നതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ബെംഗളൂരു പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. 

സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി െൈഡ്രവര്‍ തമിഴ്‌നാട്ടിലെ ഹൊസൂറില്‍നിന്ന് ബെംഗളൂരു സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഇന്നലെയാണ് ഭീഷണി സന്ദേശം കൈമാറിയതെന്ന് കര്‍ണാടക ഡിജിപി അയച്ച കത്തില്‍ പറയുന്നു. തമിഴിലും ഹിന്ദിയിലും സംസാരിക്കുന്നയാള്‍ തനിക്ക് സുപ്രധാനമായ വിവരം പങ്കുവയ്ക്കാനുള്ളതായിട്ടാണ് അറിയിച്ചത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നും അയാള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com