പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ല; സഹായികളായി പോയവരെ കള്ളവോട്ട് ചെയ്തവരാക്കി: എംവി ജയരാജന്‍

കണ്ണൂര്‍ ജില്ലയില്‍ സിപിഎം കളളവോട്ട് ചെയ്തു എന്ന യുഡിഎഫ് ആരോപണങ്ങള്‍ പച്ചനുണയെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍
പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ല; സഹായികളായി പോയവരെ കള്ളവോട്ട് ചെയ്തവരാക്കി: എംവി ജയരാജന്‍


കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം കളളവോട്ട് ചെയ്തു എന്ന യുഡിഎഫ് ആരോപണങ്ങള്‍ പച്ചനുണയെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും പക്ഷേ മുറിച്ചു ഉപയോഗിച്ചുവെന്നും ജയരാജന്‍ പറഞ്ഞു. സുമയ്യ ചെയ്തത് സ്വന്തം വോട്ടും ഓപ്പണ്‍ വോട്ടുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിപിഎമ്മും ഇടതുപക്ഷവും കള്ളവോട്ടുകള്‍ ചെയ്യുന്നലരല്ല. കള്ളവോട്ട് ചെയ്തുവെന്ന് പ്രസീഡിങ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യുഡിഎഫ് പരാജയഭീതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സഹായികളായി പോയവരെ കള്ളവോട്ട് ചെയ്തവരാണെന്ന് ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ പത്തൊമ്പതാം നമ്പര്‍ ബൂത്തിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ കള്ളവോട്ട് ചെയ്തുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. 50000വലധികം കള്ളവോട്ടുകള്‍ സിപിഎം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പരാജയഭീതി പൂണ്ട സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തു എന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 

അന്നും ഇന്നും കളളവോട്ട് കണ്ണൂരില്‍ ഒരു സത്യമാണെന്ന് കണ്ണൂരിലെ യുഡ്ിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പറഞ്ഞു. സിപിഎം ജനഹിതം അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് സ്വീകരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.ആണത്തത്തോടെ കളളവോട്ടില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറായാല്‍ കണ്ണൂരിലെ 11 നിയോജകമണ്ഡലങ്ങളില്‍ രണ്ടിലേറെ സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വരെ ചിന്തിക്കാന്‍ തയ്യാറാണ്. രണ്ടില്‍ കൂടുതല്‍ ഒരു സീറ്റുപോലും കണ്ണൂരില്‍ സിപിഎമ്മിന് നേടാന്‍ സാധിക്കില്ല. കളളവോട്ടുകള്‍ കൊണ്ടാണ് മറ്റെല്ലാം മണ്ഡലങ്ങളിലും സിപിഎം അതിജീവിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com