ബോണ്ട് വിവാദം : 'അയ്യപ്പനെ പരാമര്‍ശിച്ചു കൊണ്ടുള്ള സത്യവാങ്മൂലം തെറ്റ്' ; കുറ്റക്കാര്‍ക്കെതിരെ നടപടി; പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് പദ്മകുമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2019 11:48 AM  |  

Last Updated: 28th April 2019 11:50 AM  |   A+A-   |  

padmakumar

 

പത്തനംതിട്ട: ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ അയ്യപ്പനെ പരാമര്‍ശിച്ചുകൊണ്ടുള്ള സത്യവാങ്മൂലം നല്‍കിയത് തെറ്റാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ഇത്തരമൊരു സത്യവാങ്മൂലം നല്‍കാനിടയായ സാഹചര്യം അന്വേഷിക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. കോടതിയില്‍ പഴയ സത്യവാങ്മൂലം മാറ്റി പുതിയത് സമര്‍പ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. 

പ്രളയവും സ്ത്രീ പ്രവേശനവും അയ്യപ്പന്‍ നേരത്തെ അറിഞ്ഞുവെന്നും ഇതിലൂടെയുണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാന്‍ അയ്യപ്പന്‍ തുറന്നുതന്ന വഴിയാണ് ധനലക്ഷമി ബാങ്കിന്റെ ബോണ്ടിലെ നിക്ഷേപമെന്നുമായിരുന്നു  ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നത്. 

അയ്യപ്പനെ പരാമര്‍ശിക്കുന്ന തരത്തില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടിയിരുന്നില്ല എന്നാണ് കരുതുന്നത്. അത് മാറ്റി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കോടതിയില്‍ നിലനില്‍ക്കാത്ത വാദങ്ങള്‍ മാറ്റി പുതിയ സത്യവാങ്മൂലം നല്‍കുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി.