ഭർത്താവുമായി പിണങ്ങി യുവതി ആറ്റിൽ ചാടി, ഓട്ടോ ഡ്രൈവറുടെ ധീരതയിൽ പുനർജന്മം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2019 02:41 PM  |  

Last Updated: 28th April 2019 02:41 PM  |   A+A-   |  

 

ആലപ്പുഴ : ഭർത്താവുമായി പിണങ്ങിയ യുവതി ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം കണ്ട ഓട്ടോറിക്ഷ ഡ്രൈവറുടെ ഇടപെടലിൽ യുവതി മരണത്തിൽ നിന്നും രക്ഷപ്പെട്ടു. ആലപ്പുഴ പുളിങ്കുന്നിലായിരുന്നു സംഭവം. 

താലൂക്ക് ആശുപത്രിക്കു സമീപത്തെ പുളിങ്കുന്ന് കുമ്പളംചിറ പാലത്തിൽ നിന്നാണ് യുവതി മണിമലയാറ്റിൽ ചാടിയത്. പാലത്തിന്റെ പടിഞ്ഞാറെക്കരയിൽ സിഗ്നൽ കാത്തുകിടന്ന ഓട്ടോറിക്ഷാ ഡ്രൈവർ കായൽപ്പുറം കോയിപ്പള്ളിയിൽ ഷിജോയുടെ ശ്രദ്ധയിൽപ്പെട്ടു. 

ഉടൻതന്നെ പാലത്തിന്റെ മധ്യത്തിലേക്ക് ഓടിയെത്തിയ ഷിജോ വെള്ളത്തിൽ ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലമുടിയിൽ പിടികിട്ടിയ ഷിജോ പാലത്തിന്റെ തൂണിൽ പിടിച്ചു കിടന്നാണു രക്ഷപ്പെട്ടത്.

സംഭവം കണ്ട കായൽപ്പുറം സ്വദേശികളായ രണ്ടുപേർ വെള്ളത്തിൽ ചാടി പാലത്തിന്റെ ബീമിൽ യുവതിയെ കയറ്റിയിരുത്തിയ ശേഷം വള്ളം എത്തിച്ചാണു കരയിലെത്തിച്ചത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച യുവതിയെ പ്രാഥമിക ചികിൽസയ്ക്കുശേഷം കൗൺസിലിങ്ങിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.