'ദൃശ്യം' മോഡല്‍ കൊലപാതകം ; വില്ലനായത് സിസിടിവിയും ഒരു ഫോണ്‍ കോളും ; പ്രതികളെ കുരുക്കിയത് പൊലീസിന്റെ സമര്‍ത്ഥനീക്കം

സംഭവദിവസം അഞ്ച് മണിക്കൂറോളം പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ്
'ദൃശ്യം' മോഡല്‍ കൊലപാതകം ; വില്ലനായത് സിസിടിവിയും ഒരു ഫോണ്‍ കോളും ; പ്രതികളെ കുരുക്കിയത് പൊലീസിന്റെ സമര്‍ത്ഥനീക്കം

ആലപ്പുഴ : രണ്ടാഴ്ചമുമ്പ് കാണാതായ വയോധികന്റെ മൃതദേഹം ആള്‍ത്താമസമില്ലാത്ത വീടിന്റെ പറമ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. തെക്കേക്കര കിഴക്ക് അമ്പിയില്‍ ശ്രീകാന്ത് (26) രാജന്റെ അയല്‍വാസികളായ കൊണ്ടൂരേത്ത് രാജേഷ് (36), കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്. വിമുക്തഭടനായ പള്ളിപ്പാട് തെക്കേക്കര കിഴക്ക് കൊണ്ടൂരേത്ത് പടീറ്റതില്‍ രാജന്‍ (75) ആണ് രണ്ടാഴ്ച മുമ്പ് കൊല്ലപ്പെട്ടത്. 

പണം പലിശയ്ക്ക് കൊടുക്കാറുള്ള ആളായിരുന്നു രാജന്‍. ഇയാളില്‍ നിന്നും  പലിശയ്ക്കു വാങ്ങിയ പണം മടക്കികൊടുക്കാതിരിക്കാനാണ് പ്രതികള്‍ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. ഏപ്രില്‍ 10ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടില്‍ നിന്നിറങ്ങിയ രാജനെ പിന്നീട് കാണാതാവുകയായിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് രാജനെ കാണാനില്ലെന്ന് കാണിച്ച് പ്രതികള്‍ അടക്കമുള്ളവര്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

ഒന്നാംപ്രതി ശ്രീകാന്ത് രാജന് രണ്ടുലക്ഷം രൂപയും പലിശയും നല്‍കാനുണ്ടായിരുന്നു. ഇത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയശേഷം കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലുകയായിരുന്നു. കേസിലെ മറ്റുപ്രതികളായ ശ്രീകാന്തും വിഷ്ണുവും രാജനില്‍ നിന്നും പണം വാങ്ങിയിരുന്നു. കൊലപാതകത്തിന് ശേഷം ദൃശ്യം സിനിമയുടെ മാതൃകയില്‍ മൃതദേഹം കുഴിച്ചിടാനും തെളിവുകള്‍ മറയ്ക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു. 

പള്ളിപ്പാട് ചന്തയ്ക്കുസമീപം ആള്‍താമസമില്ലാത്ത വീടിന് പിന്നിലാണ് മൃതദേഹം കുഴിച്ചിട്ടത്. പാടശേഖരമായ ഇവിടം വീടിനോടു ചേര്‍ത്ത് മതില്‍ കെട്ടിയിരിക്കുകയാണ്. ഇതില്‍ പകുതി നികത്തിയിട്ടുണ്ട്. ബാക്കികൂടി നികത്തിയാല്‍ കൊലപാതകം ഒരിക്കലും പുറത്തറിയില്ലായിരുന്നു. ഒന്നാംപ്രതി ശ്രീകാന്താണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസിന് കാട്ടിക്കൊടുത്തത്.

കാണാതായ ദിവസം രാജന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് രാജേഷാണ് അവസാനമായി വിളിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് രാജേഷിനെ മൂന്ന് തവണ വിളിച്ച് ചോദ്യം ചെയ്‌തെങ്കിലും തുമ്പ് ലഭിച്ചില്ല. ഇതിനിടെ പള്ളിപ്പാട്ടെ ഒരു സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. അതില്‍ പ്രതികള്‍ സംഘടിപ്പിച്ച കാറില്‍ രാജന്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വെവ്വേറെ ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 

സംഭവദിവസം ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ ഒരു കടയിലേക്കെന്നുപറഞ്ഞ് ബൈക്കിലാണ് രാജേഷും വിഷ്ണുവും വീട്ടില്‍ നിന്നിറങ്ങിയത്. വീടിനടുത്ത് റോഡിലേക്ക് സി.സി.ടി.വി. ക്യാമറ വച്ചിരിക്കുന്ന കടയുടെ മുന്നിലൂടെയായിരുന്നു യാത്ര. കൊലയ്ക്ക് ശേഷം മൃതദേഹം കാറില്‍ സൂക്ഷിക്കുമ്പോള്‍ത്തന്നെ രാജേഷും വിഷ്ണുവും കല്ലിശ്ശേരിയിലെ കടയിലെത്തി ഏറെനേരം ചെലവഴിച്ചിരുന്നു. രാജനെ കാണാതായ സമയത്ത് തങ്ങള്‍ കല്ലിശ്ശേരിയിലായിരുന്നുവെന്ന് വരുത്താനാണ് ഇതിലൂടെ പ്രതികള്‍ ശ്രമിച്ചത്. സംഭവദിവസം അഞ്ച് മണിക്കൂറോളം പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com