പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് അമ്മ തന്നെ; അറസ്റ്റ് രേഖപ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2019 10:21 PM  |  

Last Updated: 28th April 2019 10:21 PM  |   A+A-   |  

amma

 

ആലപ്പുഴ: ഒന്നേകാൽ വയസുള്ള പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മയായ അതിരയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ ആതിര കുറ്റം സമ്മതിച്ചതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നാളെ ഉച്ചയ്ക്ക് ശേഷം ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 

ഒന്നേകാൽ വയസുള്ള ആദിഷ എന്ന കുട്ടിയാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം നടന്ന വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തും. കൊലയിലേക്ക് നയിച്ച സാഹചര്യമെന്താണെന്ന കാര്യത്തിൽ പൊലീസിന് വ്യക്തത കൈവന്നിട്ടില്ല. അതിനാൽ നാളെ വീട്ടിലും പരിസരത്തും ഫോറൻസിക് പരിശോധനയും നടത്തും. 

പിഞ്ചു കുഞ്ഞിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരി അമ്മ തന്നെയാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ആതിരയെ ചോദ്യം ചെയ്ത ശേഷം സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ചേർത്തല എഎസ്പി ആർ വിശ്വനാഥ് വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. 

ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ അച്ഛനെയും അച്ഛന്‍റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്തു. കുട്ടിയുടെ അച്ഛനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. നാല് മാസം മുമ്പ് അമ്മായിയമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്‍റെ അച്ഛന്‍.

ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് 15 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പു മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവർ അറിയിച്ചത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. 

എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയല്‍വാസികളോട് പറഞ്ഞത്. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.