യാത്രക്കാരെ മര്‍ദിച്ച സംഭവം : സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റില്ല ; കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ്

യാത്രക്കാരെ മര്‍ദിച്ച സംഭവം : സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റില്ല ; കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ്

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഉള്ള പ്രതികളെ പിടികൂടി

കൊച്ചി : യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ ഉടമ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് പൊലീസ്. സുരേഷ് കല്ലടയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസിപി സ്റ്റുവര്‍ട്ട് കീലര്‍ അറിയിച്ചു. യാത്രക്കാരെ മര്‍ദിച്ചതിന് പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഉള്ള പ്രതികളെ പിടികൂടി. മറ്റുപ്രതികളുണ്ടെങ്കില്‍ തിരിച്ചറിയുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യും. കേസില്‍ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായതായും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.  

അറസ്റ്റിലായ പ്രതികള്‍ സുരേഷ് കല്ലടയെ വിളിച്ചതിന്റെയോ, അദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കിയതിന്റെയോ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് സുരേഷ്  കല്ലടയ്ക്ക് പൂര്‍ണമായും ഒഴിഞ്ഞുമാറാനാകില്ല. നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോ, അറിഞ്ഞെങ്കില്‍ നടപടി എടുത്തിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സുരേഷ് കല്ലടയെ കഴിഞ്ഞദിവസം പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. 

അതിനിടെ, ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവത്തിൽ അറസ്​റ്റിലായ ഏഴ്​ പ്രതികളെ‍യും സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ‘ക​ല്ല​ട’ ബ​സ് സർവീസിന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്ന എ​റ​ണാ​കു​ളം വൈ​റ്റി​ല​യിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. 

ബ​സ് ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​രി​ലെ നാ​ച്ചി​പാ​ള​യം സ്വ​ദേ​ശി കു​മാ​ർ (55), മാ​നേ​ജ​ർ കൊ​ല്ലം പ​ട്ടം​തു​രു​ത്ത് ആ​റ്റു​പു​റ​ത്ത് ഗി​രി​ലാ​ൽ (37), ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി കാ​വു​ങ്ക​ൽ വി​ഷ്ണു (29), ബസ്​ ജീവനക്കാരായ പു​തു​ച്ചേ​രി സ്വ​ദേ​ശി അ​ൻ​വ​ർ, ജി​തി​ൻ, ജ​യേ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രാണ് പൊലീസ്​ കസ്​റ്റഡിയിലുള്ളത്. ​ 

കേസുമായി ബന്ധപ്പെട്ട്​  ചോദ്യം ചെയ്യുന്നതിനായി ഈ മാസം 30 വരെയാണ് പ്രതികളെ കോടതി പൊലീസ്​ കസ്​റ്റഡിയിൽ വിട്ടത്​. കഴിഞ്ഞയാഴ്​ചയാണ്​ എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽനിന്നുള്ള യാ​ത്ര​ക്കാ​രാ​യ ബ​ത്തേ​രി സ്വ​ദേ​ശി സ​ചി​ൻ (22), സു​ഹൃ​ത്ത് അ​ഷ്ക​ർ (22), തൃ​ശൂ​ർ സ്വ​ദേ​ശി അ​ജ​യ്ഘോ​ഷ് എ​ന്നി​വ​രെ ബ​സ് ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി മ​ർ​ദി​ച്ച​ത്. ക്രൂ​ര​മ​ർ​ദ​ന​ത്തെ ​തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് സേ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​ക്ക​ളു​ടെ മൊ​ഴി പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com