വേഷം മാറാൻ മറന്നു; കള്ളവോട്ട് നാടറിഞ്ഞു, ചിത്രം പുറത്ത്
By സമകാലിക മലയാളം ഡെസ്ക് | Published: 28th April 2019 06:59 AM |
Last Updated: 28th April 2019 06:59 AM | A+A A- |

കണ്ണൂർ : സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ കള്ളവോട്ട് നടന്നു എന്ന ആരോപണത്തിന് പിന്നാലെ ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പഞ്ചായത്ത് മെമ്പർ അടക്കം കള്ളവോട്ട് ചെയ്തു എന്നാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നത്. എന്നാൽ ഓപ്പൺ വോട്ടാണ് ചെയ്തതെന്നും, കള്ളവോട്ടല്ലെന്നും സിപിഎം പറയുന്നു. കള്ളവോട്ടു ചെയ്യുന്ന ശീലം പാർട്ടിക്കില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
അതിനിടെ കണ്ണൂർ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ എ.യു.പി സ്കൂൾ ബൂത്തിൽ 774ാം നമ്പർ വോട്ടറായ പത്മിനിയുടെ വോട്ട് രണ്ട് പ്രാവശ്യം വോട്ട് ചെയ്തതായി പറയുന്ന വെബ്കാസ്റ്റിങ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടാമത്തെ ദൃശ്യത്തിൽ വാതിൽ അടച്ചതായും കാണാമെന്നും മാധ്യമം ദിനപ്പത്രം ചൂണ്ടിക്കാട്ടുന്നു.
ഓരോ തവണയും കള്ള വോട്ടിനു മുമ്പ് വേഷം മാറണമെന്ന നിർദേശം പാലിക്കാത്തതാണ് കള്ളവോട്ട് പുറത്താകാൻ കാരണമായതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പോളിങ് ആരംഭിച്ച ഉടനെയും ഉച്ചഭക്ഷണസമയത്തും പോളിങ് അവസാനിക്കാറാകുമ്പാഴുമാണ് കള്ളവോട്ടുകൾ പൊതുവേ രേഖപ്പെടുത്തുക. വേഷം മാറി മാത്രമെ ഓരോ വോട്ടും രേഖപ്പെടുത്താവുവെന്നാണ് നിർദേശം. ഇത് പാടെ ലംഘിക്കപ്പെട്ടതാണ് കണ്ണൂർ ചെറുതാഴത്ത് പരസ്യകള്ളവോട്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യം പുറത്താകാനിടയായതെന്നും റിപ്പോർട്ടിൽ പറയുന്നു.