'സിപിഎം ആചാരങ്ങള്‍ക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത് ?; മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2019 08:07 AM  |  

Last Updated: 28th April 2019 08:07 AM  |   A+A-   |  

 

വടക്കന്‍ കേരളത്തില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. സിപിഎം ആചാരങ്ങള്‍ക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്; എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു; മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം ! എഐസിസിസി സെക്രട്ടറിയായ വിഷ്ണുനാഥ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

ഇനി സാംസ്‌കാരിക നായകന്മാര്‍ക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താന്‍ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം.  'കള്ളവോട്ടും കലയും' എന്ന വിഷയത്തില്‍  സെമിനാര്‍, 25 വര്‍ഷം തുടര്‍ച്ചയായി കള്ളവോട്ടു ചെയ്തവരെ ആദരിക്കല്‍ തുടങ്ങിയവ നടത്താമെന്നും വിഷ്ണുനാഥ് പരിഹസിക്കുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

സിപിഎം ആചാരങ്ങള്‍ക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്; എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു; മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം ! പക്ഷെ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ CCTV ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇനി സാംസ്‌കാരിക നായകന്മാര്‍ക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താന്‍ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം . 'കള്ളവോട്ടും കലയും' എന്ന വിഷയത്തില്‍ ദേശിയ, സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തില്‍ സെമിനാര്‍, 25 വര്‍ഷം തുടര്‍ച്ചയായി കള്ളവോട്ടു ചെയ്തവരെ ആദരിക്കല്‍,കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം.
വേഗമാകട്ടെ സാംസ്‌കാരിക കേരളം കാത്തിരിക്കുന്നു.