നടന്നത് ഓപ്പണ്‍ വോട്ട്: കള്ളവോട്ട് സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ തള്ളി ഇപി ജയരാജന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th April 2019 08:22 PM  |  

Last Updated: 29th April 2019 08:22 PM  |   A+A-   |  

 

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് നടന്നുവെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ സ്ഥിരീകരണത്തെ തള്ളി സിപിഎം. നടന്നത് ഓപ്പണ്‍ വോട്ടാണ് എന്ന് ആവര്‍ത്തിച്ച് മന്ത്രി ഇപി ജയരാജന്‍ രംഗത്തെത്തി. 

ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് സ്ത്രീകള്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവര്‍ നിയമനടപടിക്ക് പോവുകയാണ്. മാധ്യമ പ്രവര്‍ത്തകനെതിരേയും വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകള്‍ പോവുകയാണെന്നും ഇപി ജയരാജന്‍ മധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ വിഷയത്തില്‍ പ്രതിക്കൂട്ടിലല്ല. സര്‍ക്കാരിതില്‍ കക്ഷിയുമല്ല. തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍മാരും തമ്മിലുള്ളതാണ് പ്രശ്‌നം. ഈ പ്രശ്‌നം ഏതെങ്കിലും ബൂത്ത് ഏജന്റ് തെരഞ്ഞെടുപ്പ് സമയത്തും കഴിഞ്ഞതിനു ശേഷവും ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.

കള്ളവോട്ട് നടന്നുവെന്ന് നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നുവെന്നാണ് സ്ഥിരീകരണം. സുമയ്യ, സലീന, പത്മിനി എന്നീ മൂന്ന് സ്ത്രീകള്‍ കള്ളവോട്ട് ചെയ്‌തെന്ന് ടീക്കാറാം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കള്ളവോട്ട് ചെയ്ത സലീന പഞ്ചായത്തംഗമാണ്. സുമയ്യ മുന്‍ പഞ്ചായത്ത് അംഗമാണെന്നും ടീക്കാറാം പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്നും മീണ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് സെക്ഷന്‍ 171 ര 171റ 171ള എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.

പ്രിസൈഡിങ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കുമെന്നും മീണ പറഞ്ഞു.