പ്രണയിച്ച് വിവാഹം കഴിച്ചു; യുവാവിന് പൊലീസ് സ്റ്റേഷനില്‍ ബ്ലേഡ് കൊണ്ട് ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2019 07:17 AM  |  

Last Updated: 29th April 2019 07:17 AM  |   A+A-   |  

Bloody-Razor-Blade-1

വണ്ണപ്പുറം: പ്രണയിച്ചു വിവാഹിതരായതിന്റെ പേരില്‍ യുവാവിനെ യുവതിയുടെ ബന്ധു ബ്ലേഡുകൊണ്ട് ആക്രമിച്ചു. പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ചായിരുന്നു ആക്രമണം. കഴുത്തിലും കൈകാലുകളിലും മുറിവേറ്റ പൂമാല സ്വദേശി അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

യുവതിയുടെ ബന്ധുവായ പട്ടയക്കുടി സ്വദേശി പണിയൂരാളില്‍ ശിവദാസിനെ(41) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് പട്ടയക്കുടി സ്വദേശിനിയും അജിത്തും വിവാഹിതരാവുന്നത്. അജിത്തുമായുള്ള ബന്ധത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെ യുവതി അജിത്തിനൊപ്പം പോവുകയും, സമീപത്തെ ക്ഷേത്രത്തിലെത്തി വിവാഹിതരാവുകയുമായിരുന്നു. 

ഇവര്‍ വിവാഹിതരായതിന് പിന്നാലെ, യുവതിയുടെ സഹോദരന്‍ അജിത്തിനെ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് അജിത്തും യുവതിയും അജിത്തിന്റെ ബന്ധുക്കളും കാളിയാര്‍ പൊലീസ് സ്റ്റേഷനിലെത്തി. ഈ സമയത്ത് യുവതിയുടെ ബന്ധുവായ ശിവദാസ് അജിത്തിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ശിവദാസനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.