ഐഎസ് ബന്ധം: കാസര്‍കോട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു; കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th April 2019 09:45 PM  |  

Last Updated: 29th April 2019 09:45 PM  |   A+A-   |  

 

കൊച്ചി: ഐഎസ് ബന്ധമുള്ള കാസര്‍കോട് സ്വദേശിയെ ഐഎന്‍എ അറസ്റ്റ് ചെയ്തു. റിയാസ് അബുബക്കറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ഇയാള്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു എന്ന് എന്‍ഐഎ വ്യക്തമാക്കി. 

ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരുമായി റിയാസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു എന്നും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. റിയാസടക്കം മൂന്നുപേരെയാണ് കൊച്ചിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തി ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. കാസര്‍കോട് രണ്ടുകേന്ദ്രങ്ങളിലും പാലക്കാട് ഒരിടത്തുമാണ് ഇന്നലെ റെയ്ഡ് നടത്തിയത്. ഇവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കൊച്ചിലിയേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

എന്‍ഐഎ ഐജി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇയാള്‍ എവിടെയാണ് ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത് എന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല.