കുട്ടിയെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച് ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് അമ്മ ആതിര

കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തിനാണ് ഇങ്ങനെ ചെയ്തത്. കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും അമ്മ പൊലീസിനോട് പറഞ്ഞു 
കുട്ടിയെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച് ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് അമ്മ ആതിര

ആലപ്പുഴ : ആലപ്പുഴ പട്ടണക്കാട് ഒന്നേകാല്‍ വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ. കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തിനാണ് ഇങ്ങനെ ചെയ്തത്. കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും, അബദ്ധം പറ്റിപ്പോയതാണെന്നും കേസില്‍ അറസ്റ്റിലായ അമ്മ ആതിര പൊലീസിനോട് പറഞ്ഞു. 

എന്നാല്‍ പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിക്കുന്നു. ആതിരയ്ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ, കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്ന് ചേര്‍ത്തല എഎസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. 

മരിച്ച കുട്ടിക്ക് രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോഴും ആതിര മര്‍ദിച്ചിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ അച്ഛന്‍ ഷാരോണിന്റെ അമ്മ പ്രിയ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംഭവം കുടുംബവഴക്കായി കണ്ട് ഇത് പരിഹരിക്കുകയായിരുന്നു.

രണ്ടുമാസം മുമ്പ് പ്രിയയെ മണ്‍വെട്ടി കൊണ്ട് ആക്രമിച്ച കേസില്‍ ആതിര കുഞ്ഞിനൊപ്പം ഒരാഴ്ച ജയിലില്‍ കിടന്നിട്ടുണ്ട്. കേസന്വേഷിക്കാന്‍ വീട്ടില്‍ വന്ന പൊലീസിന് നേര്‍ക്ക് പട്ടിയെ അഴിച്ചു വിടുകയും ഭീഷണു മുഴക്കുകയും ചെയ്തിരുന്നു. ഇതിലാണ് കോടതി ഇന്ന് ആതിരയെ റിമാന്‍ഡ് ചെയ്തത്. ഭര്‍തൃവീട്ടുകാരുമായി ആതിര നിരന്തരം വഴക്കിടുമായിരുന്നുവെന്ന് അയല്‍ക്കാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പട്ടണക്കാട് പുതിയകാവ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെ മകള്‍ ആദിഷ ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടി അനങ്ങുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാകളും ആതിരയും ചേര്‍ന്നാണ് ആദിഷയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com