തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ക്യാന്‍സറാണ്; ഐഎസ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ റിയാസ് ഫെയ്‌സ്ബുക്കില്‍ പറയുന്നത് ഇങ്ങനെ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th April 2019 05:12 PM  |  

Last Updated: 30th April 2019 05:16 PM  |   A+A-   |  

 

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ രാജ്യങ്ങളും ക്യാന്‍സറുകളാണ്.ഇവര്‍ക്ക് വേണ്ടത് അടിക്കുമ്പോള്‍ തിരിച്ചടിക്കുക എന്ന നയമല്ല. ഇവര്‍ ഭരണ പ്രക്രിയയില്‍ അവശേഷിക്കാത്ത വിതം ഉമ്മൂലനം ചെയ്യപ്പെടുക എന്നതാണ്.' ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐഎന്‍എ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തൊരു കുറിപ്പാണിത്. 

റിയാസിന്റെ ഐഎസ് ബന്ധം പുറത്തുവന്നതോടെ ഇയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ രൂക്ഷഭാഷയില്‍ ശകാരങ്ങള്‍ നിറയുകയാണ്. പ്രകൃതി സ്‌നേഹവും മതസ്‌നേഹവും കൊണ്ടുള്ള പോസ്റ്റുകളാണ് റിയാസിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത് ഏറെയും. തീവ്രമത സ്വഭാവം വെളിപ്പെടുത്തുന്നതാണ് പല പോസ്റ്റുകളും.  

സലഫി വിശ്വാസിയായ ഒരു പെണ്‍കുട്ടിയെ അന്വേഷിച്ചുകൊണ്ടുള്ള റിയാസിന്റെ പോസ്റ്റ് ഇങ്ങനെ: 'അസ്സലാമു അലൈക്കും വാ റഹ്മതുള്ളാഹ്.എന്റെ അഹ്‌ലു സുന്നയിലെ സഹോദരങ്ങളെ നിങ്ങളുടെ അറിവില്‍ ഇസ്‌ലാം ദുനിയാവിന് വേണ്ടിയല്ലാതെ ആഹിറത്തിനു വേണ്ടിയും സ്വീകരിച്ചവരോ,പാവപ്പെട്ടവരോ ആയ 23 മുതല്‍ 28 വരെ പ്രായമുള്ള എല്ലാ മേഖലകളിലും ദീന്‍ അനുസരിച്ചു ജീവിക്കുന്ന സല്‍ സ്വഭാവികളായ സലഫി യുവതികള്‍ ഉണ്ടെങ്കില്‍ എനിക്ക് ഇന്‍ബോക്‌സില്‍ മെസ്സേജ് ചെയ്യു. അല്ലാഹു നമ്മളെ എല്ലാവരേയും അവന്റെ ജന്നതുല്‍ ഫിര്‍ദൗസില്‍ ഉള്‍പ്പെടുത്തട്ടെ.'

കാസര്‍കോടും പാലക്കാടും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് റിയാസിനെ എന്‍ഐഎ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. സകേരളത്തില്‍ ഇയാള്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ എന്‍ഐഎ കോടതി മെയ് 29 വരെ റിമാന്‍ഡ് ചെയ്തു.