കള്ളവോട്ടു കോടതിയില്‍ തെളിയിക്കേണ്ടി വരും, റീപോളിങ് ഉണ്ടാവില്ല? സാധ്യതകള്‍ ഇങ്ങനെ

കള്ളവോട്ടു കോടതിയില്‍ തെളിയിക്കേണ്ടി വരും, റീ പോളിങ്ങിന് സാധ്യത കുറവ്
കള്ളവോട്ടു കോടതിയില്‍ തെളിയിക്കേണ്ടി വരും, റീപോളിങ് ഉണ്ടാവില്ല? സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: കാസര്‍കോട്ടു കള്ളവോട്ടു നടന്നതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചെങ്കിലും യുഡിഎഫ് ആവശ്യപ്പെട്ടത് അനുസരിച്ച് ഇവിടെ റീ പോളിങ് നടക്കാനുള്ള സാധ്യത വിരളമെന്ന് റിപ്പോര്‍ട്ട്. കള്ളവോട്ടിന്റെ പേരില്‍ റീ പോളിങ് നടത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷന് നിയമപരമായ പരിമിതികളുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബൂത്ത് പിടിത്തം, സാങ്കേതിക തകരാര്‍, അപ്രതീക്ഷിത മറ്റു സംഭവങ്ങള്‍ എന്നീ സാഹചര്യങ്ങളുണ്ടായാല്‍ അവിടെ റീ പോളിങ് നടത്താമെന്നാണ് ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നത്. കള്ളവോട്ടിന്റെ പേരില്‍ ഒരു ബൂത്തിലെ തെരഞ്ഞെടുപ്പ് അപ്പാടെ റദ്ദാക്കല്‍ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

കള്ളവോട്ട് കോടതിയില്‍ വിചാരണയിലൂടെ തെളിയിക്കേണ്ടതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കള്ളവോട്ടു നടന്നെന്ന ആക്ഷേപവുമായി യുഡിഎഫിനു കോടതിയെ സമീപിക്കാം. കള്ളവോട്ടു തെളിയിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പു റദ്ദാക്കപ്പെടാം. എന്നാല്‍ അതിനു കള്ളവോട്ടു  നടന്നെന്നു മാത്രം തെളിയിച്ചാല്‍ പോര, അതു ഫലത്തെ ബാധിച്ചെന്നു കൂടി തെളിയിക്കണമെന്ന് അവര്‍ പറയുന്നു. അഞ്ഞൂറു വോട്ടിന് ഒരു സ്ഥാനാര്‍ഥി ജയിച്ച മണ്ഡലത്തില്‍ 150 കള്ളവോട്ടു നടന്നെന്നു തെളിയിച്ചാല്‍ അതിന്റെ പേരില്‍ തെരഞ്ഞെടുപ്പു റദ്ദാവില്ല. ഭൂരിപക്ഷം നൂറ്റിഅന്‍പതോ അതില്‍ കുറവോ ആയിരുന്നാല്‍ തെരഞ്ഞെടുപ്പു റദ്ദാക്കുന്ന സാഹചര്യമുണ്ടാവുമെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജനപ്രാതിനിധ്യ നിയമപ്രകാരം ബാലറ്റ് പെട്ടി ബൂത്തിനു പുറത്തേക്ക് എടുത്തുകൊണ്ടുപോവുകയോ യാദൃച്ഛികമായോ ബോധപൂര്‍വമായോ നശിപ്പിക്കപ്പെടുകയോ കൃത്രിമം നടത്തുകയോ ചെയ്താല്‍ റീ പോളിങ് പ്രഖ്യാപിക്കണം. വോട്ടിങ് യന്ത്രത്തിനു സാങ്കേതിക തകരാറുണ്ടാവുകയാണ് റീ പോളിങ് നിര്‍ബന്ധിതമാക്കുന്ന മറ്റൊരു സാഹചര്യം. 

കള്ളവോട്ടു പരാതി ഉയര്‍ന്ന കാസര്‍ക്കോടു മണ്ഡലത്തിലെ 110 ബൂത്തുകളില്‍ റീ പോളിങ് നടത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com