പാര്‍ക്ക് ചെയ്ത കാര്‍ കാണാതായി; നൂറു മീറ്റര്‍ അകലെനിന്ന് കണ്ടെത്തിയപ്പോള്‍ എന്‍ജിന്‍ ചൂടായ നിലയില്‍; വണ്ടിയില്‍ നിന്ന് നഗരം ചുറ്റിയതിന്റെ തെളിവുകളും; ദുരൂഹത

പൊലീസിനെ വിവരം അറിയിച്ചപ്പോള്‍ പാര്‍ക് ചെയ്തിരുന്ന സ്ഥലത്തിന്റെ നൂറ് മീറ്റര്‍മാറി വാഹനം കണ്ടെത്തുകയായിരുന്നു
പാര്‍ക്ക് ചെയ്ത കാര്‍ കാണാതായി; നൂറു മീറ്റര്‍ അകലെനിന്ന് കണ്ടെത്തിയപ്പോള്‍ എന്‍ജിന്‍ ചൂടായ നിലയില്‍; വണ്ടിയില്‍ നിന്ന് നഗരം ചുറ്റിയതിന്റെ തെളിവുകളും; ദുരൂഹത


തിരുവനന്തപുരം; തിരുവനന്തപുരം നഗരത്തില്‍ പാര്‍ക് ചെയ്തിരുന്ന കാര്‍ കാണാതായ സംഭവത്തില്‍ ദുരൂഹത. രാവിലെ പാര്‍ക്ക് ചെയ്ത കാര്‍ ജോലി കഴിഞ്ഞ് അഞ്ച് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചപ്പോള്‍ പാര്‍ക് ചെയ്തിരുന്ന സ്ഥലത്തിന്റെ നൂറ് മീറ്റര്‍മാറി വാഹനം കണ്ടെത്തുകയായിരുന്നു. 
 
ശാസ്തമംഗലം  വെള്ളയമ്പലം റോഡില്‍ എസ്ബിഐയുടെ എതിര്‍വശത്തായിട്ടാണ് കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ ജീവനക്കാരന്‍ 27ാം തീയതി രാവിലെ വാഹനം പാര്‍ക്കു ചെയ്തത്. തുടര്‍ന്ന് ജോലിക്കു പോയ ഇദ്ദേഹം തിരികെ എത്തിയത് അഞ്ച് മണിയോടെയാണ്. എന്നാല്‍ പാര്‍ക് ചെയ്ത സ്ഥലത്ത് വാഹനമുണ്ടായിരുന്നില്ല. അരമണിക്കൂര്‍ നേരം പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. 

പൊലീസ് എത്തി പാര്‍ക് ചെയ്ത സ്ഥലവും പരിസരവും വീണ്ടും പരിശോധിച്ചപ്പോഴാണ് 100 മീറ്റര്‍ അകലെയായി വാഹനം കണ്ടെത്തുന്നത്. പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുന്നതിനു മുന്‍പ്, ആദ്യം തിരച്ചില്‍ നടത്തുമ്പോള്‍ ഈ സ്ഥത്ത് വാഹനം ഇല്ലായിരുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. വാഹനം പരിശോധിച്ചപ്പോള്‍ മിനിറ്റുകള്‍ക്ക് മുന്‍പാണ് വാഹനം അവിടെ കൊണ്ടുവന്നിട്ടതെന്നു മനസ്സിലായി. എഞ്ചിനും ബോണറ്റും ചൂടായിരുന്നു. 
 
പൊലീസിന്റെ നിര്‍ദേശമനുസരിച്ച് ഉദ്യോഗസ്ഥന്‍ വാഹനവുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ തിരുവനന്തപുരം നഗരമധ്യത്തില്‍ നഗരസഭയുടെ പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനം പാര്‍ക്കു ചെയ്തതിന്റെ തെളിവായി പാര്‍ക്കിങ് രസീത് വാഹനത്തിനുള്ളില്‍നിന്നു ലഭിച്ചു. വൈകിട്ട് നാല് മണിക്കാണ് വണ്ടി പാര്‍ക് ചെയ്തിരുന്നത്. എന്നാല്‍ താന്‍ വാഹനം രാവിലെ പാര്‍ക് ചെയ്തതിന് ശേഷം സ്റ്റാര്‍ട്ട് ആക്കിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കി. മറ്റാരോ വാഹനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. വാഹനം ഉപയോഗിച്ചശേഷം അതേസ്ഥലത്ത് തിരിച്ചിട്ടതാരാണെന്നറിയാന്‍ മ്യൂസിയം പൊലീസ് പാര്‍ക്കിങ് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com