ഫാനി ശക്തിയാര്‍ജിക്കുന്നു; ഇന്നും നാളെയും കനത്ത മഴയും കാറ്റും, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th April 2019 05:36 AM  |  

Last Updated: 30th April 2019 05:36 AM  |   A+A-   |  

 

തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. ഇന്ത്യന്‍ തീരത്തു നിന്ന് ഏകദേശം 950 കിലോമീറ്റര്‍ അകലെയാണ് ഫോനിയുടെ സഞ്ചാരപാത. ഫോനിയുടെ വേഗം ഇന്ന് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വരെയായി ഉയരാനിടയുണ്ട്. 

കേരള തീരത്ത് ഇന്ന് രാത്രി പതിനൊന്നര വരെ 2.2 മീറ്റര്‍ ഉയരത്തില്‍ വരെ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല, ഇന്നും നാളെയും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കി.

എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഫാനി ഇന്നു കൂടുതല്‍ ശക്തിയാര്‍ജിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെവരെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ഫാനി അതിനുശേഷം വടക്കുകിഴക്കു ദിശയിലായിരിക്കും സഞ്ചരിക്കുക.

കേരളത്തിന്റെ തീരപ്രദേശം പ്രക്ഷുബ്ധമായതിനാല്‍ ഇന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്തേക്കു മടങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.