രണ്ട് മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് 571 പോക്‌സോ കേസുകള്‍ ; 84 ഉം തിരുവനന്തപുരത്ത് നിന്നെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2019 05:49 AM  |  

Last Updated: 30th April 2019 05:49 AM  |   A+A-   |  

CHILD_ABUSE


തിരുവനന്തപുരം: കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തിയുള്ള കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതായി പൊലീസിന്റെ കണക്കുകള്‍ കണക്കുകള്‍ പുറത്ത്‌. ജനുവരി- ഫെബ്രുവരി മാസങ്ങള്‍ക്കിടയില്‍ മാത്രം സംസ്ഥാനത്ത് 571 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 84 കേസുകളും തിരുവനന്തപുരത്ത് നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 27 കേസുകള്‍ നഗരാതിര്‍ത്തിയില്‍ നിന്ന് മാത്രം എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ലേറെ പൊലീസ് സ്റ്റേഷനുകള്‍ ജില്ലയില്‍ ഉള്ളതിനാല്‍ പോക്‌സോ കേസുകളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

നാണക്കേടിന്റെ ഈ പട്ടികയില്‍ മലപ്പുറം രണ്ടാമതും (73) എറണാകുളം (58) മൂന്നാമതുമാണ്. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളാണ് കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമെന്നാണ് പൊലീസ്  പറയുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മൂന്നാമതൊരാളെ കുടുംബത്തിനുള്ളിലേക്ക് കയറ്റുന്നതിന് കാരണമാകുന്നുവെന്നും ഇവരാണ് പലപ്പോഴും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതെന്നുമാണ് അന്വേഷങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളതെന്നും തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

കുട്ടികള്‍ക്കെതിരായ അക്രമങ്ങളിലെ പ്രധാന വില്ലന്‍ ലഹരി മരുന്ന് കൂടിയാണ്. സമീപകാലത്ത്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളിലെല്ലാം കുറ്റകൃത്യങ്ങള്‍ചെയ്യുന്നതിന് ലഹരിയാണ് പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുള്ളതായും പൊലീസ് പറയുന്നു. പോക്‌സോ ചുമത്തിയെത്തുന്ന കേസുകളില്‍ 90 ശതമാനത്തിലും അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാറുണ്ടെന്നും വകുപ്പ് വിശദമാക്കുന്നു.