വയനാട്ടില്‍ രാഹുല്‍ 25 കോടി രൂപ ചെലവഴിച്ചത് പരിശോധിച്ചില്ല; ടിക്കാറാം മീണയ്‌ക്കെതിരെ വീണ്ടും കോടിയേരി 

 സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ നിഷ്പക്ഷനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
വയനാട്ടില്‍ രാഹുല്‍ 25 കോടി രൂപ ചെലവഴിച്ചത് പരിശോധിച്ചില്ല; ടിക്കാറാം മീണയ്‌ക്കെതിരെ വീണ്ടും കോടിയേരി 

തിരുവനന്തപുരം:  സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ നിഷ്പക്ഷനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.മുസ്ലിം ലീഗിന്റെ കളളവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ല.നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇടതുപക്ഷത്തിനെതിരെ നടപടിയെടുത്തതെന്നും കോടിയേരി ആരോപിച്ചു. ടിക്കാറാം മീണ യുഡിഎഫിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായെന്ന് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കോടിയേരി തിരിഞ്ഞത്.

വസ്തുതകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ കളളവോട്ട് നടന്നെന്ന് കണ്ടെത്തിയതെന്ന് കോടിയേരിയുടെ ആദ്യ വിമര്‍ശനത്തിന് മറുപടിയായി ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. പക്ഷപാതമില്ലാതെയാണ് താന്‍ എന്നും പ്രവര്‍ത്തിച്ചിട്ടുളളതെന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മീണക്കെതിരെ വീണ്ടും കോടിയേരി രംഗത്തുവന്നത്.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 25 കോടി രൂപ ചെലവഴിച്ചതായുളള ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചില്ലെന്നും കോടിയേരി ആരോപിച്ചു. ഒരു നോട്ടീസ് പോലും ഇതുമായി ബന്ധപ്പെട്ട് നല്‍കാന്‍ കമ്മീഷന്‍ തയ്യാറായില്ല. എല്‍ഡിഎഫ് വലിയ വിജയം നേടുമ്പോള്‍ കളളവോട്ടിലുടെയാണ് ഇത് നേടിയെടുത്തതെന്ന് പ്രചരിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ടു ചെയ്‌തെന്നു പ്രഖ്യാപിച്ച ടിക്കാറാം മീണ ആരോപണവിധേയരുടെ ഭാഗം കേട്ടില്ലെന്നും ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമായിരുന്നു കോടിയേരിയുടെ ആദ്യ വാക്കുകള്‍.

കാസര്‍ക്കോട്ടെ ബൂത്തില്‍ കള്ളവോട്ടു നടന്നു എന്നത് യുഡിഎഫിന്റെ പ്രചാരണമാണ്. മാധ്യമങ്ങളും ചീഫ് ഇലക്ടറല്‍ ഓഫിസറും അതില്‍ വീണുപോയി. ആരോപണ വിധേയരോടു വിശദീകരണം പോലും ചോദിക്കാതെയാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വിധി പ്രസ്താവിച്ചത്. സ്വാഭാവിക നീതിയുടെ നിഷേധമാണ് നടന്നതെന്നും മാധ്യമ വിചാരണയ്ക്കനുസരിച്ചല്ല ചീഫ് ഇലക്ടറല്‍ ഓഫിസര്‍ തീരുമാനമെടുക്കേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പഞ്ചായത്ത് അംഗം കുറ്റം ചെയ്‌തെന്ന് എന്തടിസ്ഥാനത്തിലാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പറയുന്നത്? പഞ്ചായത്ത് അംഗത്തിന് അയോഗ്യത കല്‍പ്പിക്കാനുള്ള അധികാരം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗമായ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കില്ല. അതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉണ്ട്. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാനാവൂ. അതിനു വിരുദ്ധമായ നടപടിയാണ് ഉണ്ടായിട്ടുള്ളത്. ഇതു നിയമപരമായി ചോദ്യം ചെയ്യും. ഒരു പരിശോധനയ്ക്കും സിപിഎം എതിരല്ല. എന്നാല്‍ പരിശോധന ഏകപക്ഷീയമാവരുതെന്ന് കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com