ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; കൊച്ചിയില്‍ നിന്നും യൂറോപ്പിലേക്കും വിമാനം ; കേരള എംപിമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st August 2019 11:44 AM |
Last Updated: 01st August 2019 11:48 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : ഉത്സവകാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ ഏഴുദിവസവും വിമാനസര്‍വീസുകള്‍ ആരംഭിക്കും. നെടുമ്പാശ്ശേരിയില്‍ നിന്നും യൂറോപ്പിലേക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ തുടങ്ങുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. കേരള എംപിമാര്‍ വ്യോമയാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലിയിലെ വന്‍ വര്‍ധനവാണ് പ്രവാസികള്‍ നേരിടുന്ന പ്രധാനപ്രശ്‌നമെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് കൂടുതല്‍ സര്‍വീസ് നടത്തുക വഴി കൂടുതല്‍ വിമാനങ്ങളും ടിക്കറ്റുകളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്.
അന്യനാടുകളില്‍ നിന്ന് മൃതദേഹം കൊണ്ടുവരുന്നതിന് പണം ഈടാക്കുന്ന നടപടി നിലവിലില്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കരിക്കുമെന്നും മന്ത്രി കേരള എംപിമാര്‍ക്ക് ഉറപ്പു നല്‍കി. ഇക്കാര്യം പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്കകള്‍ കൂടി പരിഗണിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തി
പ്രത്യേകയോഗം വിളിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.