മോറട്ടോറിയം കാലാവധി അവസാനിച്ചു; ജപ്തി നടപടികളുമായി ബാങ്കുകള്‍; തടയാന്‍ വഴിതേടി സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st August 2019 09:11 AM |
Last Updated: 01st August 2019 09:14 AM | A+A A- |

തിരുവനന്തപുരം; കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി അവസാനിച്ചതോടെ ജപ്തി നടപടികളുമായി മുന്നോട്ടു പോകാന്‍ ബാങ്കുകള്‍. പ്രതിസന്ധി മറികടക്കാന്‍ വഴിതേടി മന്ത്രിസഭാ യോഗം ഇന്ന് വിഷയം ചര്‍ച്ച ചെയ്യും.
കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റിസര്‍വ് ബാങ്കില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ രണ്ട് ദിവസത്തിനകം ബാങ്കുകളുടെ യോഗം വിളിക്കാനാണ് സര്‍ക്കാര്‍ നീക്കം. റിസര്‍വ് ബാങ്കിനെ സമീപിച്ചെങ്കിലും മറുപടി ലഭിക്കാതിരുന്നതോടെയാണ് മോറട്ടോറിയം നീട്ടുന്ന കാര്യത്തില്‍ തീരുമാനമാകാതിരുന്നത്.
ഇന്നലെയാണ് സംസ്ഥാനത്തെ കാര്‍ഷിക വായ്പകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയത്തിന്റെ കാലാവധി അവസാനിച്ചത്. ഇന്ന് മുതല്‍ തിരിച്ചടയ്ക്കല്‍ നടപടികള്‍ ആരംഭിക്കും. തിരിച്ചടവില്ലെങ്കില്‍ ബാങ്കുകള്‍ ജപ്തിയിലേക്ക് നീങ്ങും. പ്രതിസന്ധി പരിഹരിക്കാനായി ഇന്നലെ ബാങ്കേഴ്‌സ് സമിതിയുമായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് മന്ത്രി പറയുന്നത്.
ഡിസംബര്‍ 31വരെ മൊറട്ടോറിയം നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. റിസര്‍വ് ബാങ്കാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ബാങ്കേഴ്‌സ് സമിതിയുടെ നിലപാട്. എന്നാല്‍ സംസ്ഥാന തലത്തില്‍ തീരുമാനിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചെങ്കിലും ലോണ്‍ തുക നിശ്ക്രിയ ആസ്തിയിലേക്ക് പോകുമെന്ന ആശങ്കയുള്ളതിനാല്‍ ബാങ്കേഴ്‌സ് സമിതി തീരുമാനെമടുത്തില്ല. ഇതില്‍ വ്യക്തത തേടി റിസര്‍വ് ബാങ്കിനെ സമീപിച്ചെങ്കിലും ഇനിയും മറുപടി വന്നിട്ടില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.