സ്റ്റെയര്‍കേസിന് താഴെ ഒളിപ്പിച്ച നിലയില്‍ ; രാഖിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കയര്‍ കണ്ടെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st August 2019 04:38 PM |
Last Updated: 01st August 2019 04:38 PM | A+A A- |
തിരുവനന്തപുരം : അമ്പൂരിയില്‍ രാഖിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തു. പ്രതികളുമായി ഇന്ന് അമ്പൂരിയിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തൊണ്ടി വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തത്. വീടിന്റെ സ്റ്റെയര്‍കേസിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്ന കയര്‍ പ്രധാനപ്രതി അഖിലാണ് പൊലീസിന് കാണിച്ചുകൊടുത്തത്.
രാഖിയുടെ മൃതദേഹം മറവുചെയ്യാൻ കുഴിയെടുത്ത മൺവെട്ടി, പിക്കാസ് എന്നിവയും പൊലീസ് കണ്ടെടുത്തു. അഖിലിന്റെ വീട്ടുപരിസരത്തു നിന്നാണ് ഇവ കണ്ടെത്തിയത്. രാഖി ഉപയോഗിച്ചിരുന്ന ചെരുപ്പും പ്രതികൾ പൊലീസിന് കാണിച്ചുകൊടുത്തു. രാഖിയുടെ ഹാൻഡ് ബാഗും വസ്ത്രവും കണ്ടെത്താനായിട്ടില്ല. ഇത് കത്തിച്ചുകളഞ്ഞുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയെങ്കിലും അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ തൊണ്ടി മുതലുകൾ പൂർണമായും എടുക്കാതെ പൊലീസ് സംഘത്തിന് മടങ്ങേണ്ടിവന്നിരുന്നു. തുടർന്ന് വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വിട്ടുനൽകാൻ പൊലീസ് അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി പ്രതികളെ ആറുദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.