കസേരയ്ക്കും മേശയ്ക്കും വേണ്ടി അധ്യാപികമാര്‍ തമ്മില്‍ കടിപിടി; യൂണിവേഴ്‌സിറ്റി കോളജില്‍ കസേരത്തര്‍ക്കം

കോളജില്‍ താന്‍ മുന്‍പ് ജോലി ചെയ്തപ്പോള്‍ ഇരുന്ന കസേരയും മേശയും തന്നെ വേണമെന്നായിരുന്നു സ്ഥലംമാറി വന്ന അധ്യാപികയുടെ ആവശ്യം
കസേരയ്ക്കും മേശയ്ക്കും വേണ്ടി അധ്യാപികമാര്‍ തമ്മില്‍ കടിപിടി; യൂണിവേഴ്‌സിറ്റി കോളജില്‍ കസേരത്തര്‍ക്കം

തിരുവനന്തപുരം; കത്തിക്കുത്തും പ്രശ്‌നങ്ങളും ഒതുങ്ങിയതിന് പിന്നാലെ യൂണിവേഴ്‌സിറ്റി കൊളജില്‍ കസേരത്തര്‍ക്കം. ഇരിപ്പിടത്തിന്റെ പേരില്‍ അധ്യാപികമാര്‍ തമ്മിലാണ് അടിപിടിയായത്. സംഘര്‍ഷത്തെ തുടര്‍ന്ന് കൊളജിലെ അധ്യാപകരില്‍ ചിലരെ സ്ഥലം മാറ്റിയിരുന്നു. അവര്‍ക്ക് പകരമായി എത്തിയ അധ്യാപികരില്‍ ഒരാളാണ് തന്റെ പണ്ടത്തെ ഇരിപ്പിടത്തിനായി നിര്‍ബന്ധം പിടിച്ചത്. ഇത് വിട്ടുകൊടുക്കാന്‍ അവിടെ ഇരിക്കുന്ന അധ്യാപിക തയാറാവാതെ ഇരുന്നതോടെയാണ് തര്‍ക്കമായത്. 
 
കോളജില്‍ താന്‍ മുന്‍പ് ജോലി ചെയ്തപ്പോള്‍ ഇരുന്ന കസേരയും മേശയും തന്നെ വേണമെന്നായിരുന്നു സ്ഥലംമാറി വന്ന അധ്യാപികയുടെ ആവശ്യം. എന്നാല്‍, അതു മറ്റൊരു അധ്യാപിക ഉപയോഗിക്കുകയാണെന്നും ഇവര്‍ക്കു പകരമായി സ്ഥലംമാറി പോയ അധ്യാപകന്റെ കസേരയും മേശയും ഉപയോഗിക്കാമെന്നും വകുപ്പ് തലവന്‍ അറിയിച്ചു. 

പഴയ ഇരിപ്പിടം വേണം എന്നതില്‍ അധ്യാപിക ഉറച്ചുനിന്നു. ഇവര്‍ ഈ മേശയിലെ സാധനങ്ങള്‍ ഒഴിപ്പിച്ച് അവിടെ ഇരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഈ സമയം കസേരയുടെ ഉടമസ്ഥയായ അധ്യാപിക ഉച്ചഭക്ഷണം കഴിക്കാന്‍ മറ്റൊരിടത്തായിരുന്നു. വിവരമറിഞ്ഞ് ഇവരെത്തിയതോടെ രണ്ടു പേരും തമ്മില്‍ തര്‍ക്കമായി. 

ഇതിനിടെ, സ്ഥലംമാറിയെത്തിയ അധ്യാപിക, വകുപ്പിന്റെ പടിക്കെട്ടിലിരുന്ന് പരാതി തയാറാക്കി പ്രിന്‍സിപ്പലിനു നല്‍കി. തനിക്ക് ഇരിപ്പിടമില്ലെന്നും പടിക്കെട്ടിലാണു സ്ഥാനമെന്നുമാണു പരാതിയിലെ പ്രധാന ആക്ഷേപമെന്നാണു സൂചന. പരാതി കിട്ടിയ പാടെ പ്രിന്‍സിപ്പല്‍ ഇതു കോളജ് വിദ്യാഭ്യാസ വകുപ്പിലേക്ക് അയച്ചു. കസേര നഷ്ടപ്പെട്ട അധ്യാപികയും ഇതിനിടെ പരാതിയുമായി പ്രിന്‍സിപ്പലിന്റെ അടുക്കലെത്തി. എന്നാല്‍, മുന്‍പേ  പരാതി കിട്ടിയെന്ന നിലപാടിലാണു പ്രിന്‍സിപ്പല്‍. സംഭവത്തെക്കുറിച്ച് ആരായാന്‍ ഫോണ്‍ വിളിച്ചെങ്കിലും പ്രിന്‍സിപ്പല്‍ പ്രതികരിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com