കുഞ്ഞുവീടിനായി ഭാര്യയുടെ താലിമലയടക്കം വിറ്റു;  കടം വീട്ടാനാകാതെ നില്‍ക്കക്കള്ളിയില്ലാതായി; ഒടുവില്‍ ഭാഗ്യദേവത

വീട് ചെറുതാണെങ്കിലും ഭാഗ്യം കൊണ്ടുവന്ന ഈ വീട് കൈവിടില്ല
കുഞ്ഞുവീടിനായി ഭാര്യയുടെ താലിമലയടക്കം വിറ്റു;  കടം വീട്ടാനാകാതെ നില്‍ക്കക്കള്ളിയില്ലാതായി; ഒടുവില്‍ ഭാഗ്യദേവത

ഓരോന്നിനും ഓരോന്നിന്റെ സമയമുണ്ട് ദാസാ എന്ന ഡയലോഗ് മലയാളി ഏറെ പറഞ്ഞുനടന്നതാണ്. ഭാഗ്യദേവതയുടെ കടാക്ഷവും ഇതുപോലെയാണ്. എപ്പോഴാണ് ഭാഗ്യം വരികയെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല.കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടിനായി ഭാര്യയുടെ താലിമാല അടക്കം വിറ്റ് എന്തുചെയ്യുമെന്നറിയാതിരിക്കുമ്പോഴാണ് കൂലിപണിക്കാരനായ സുജിത്തിനെ ഭാഗ്യദേവത കടാക്ഷിച്ചത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ആലപ്പുഴ വലിയകലവൂര്‍ കാട്ടുങ്കല്‍വെളി കോളനിയിലെ താമസക്കാരനായ കെ.ഒ. സുജിത്തിന് ലഭിച്ചത്. 

ഒന്നാം സമ്മാനം തനിക്കാണെന്ന് കേട്ടപ്പോള്‍ ശരീരം തളര്‍ന്നുപോയ പോലെ തോന്നിയെന്ന് സുജിത്ത് പറയുന്നു. സ്ഥിരമായി ഞാന്‍ ലോട്ടറി എടുക്കാറുണ്ട്. 5000 രൂപയ്ക്ക് മുകളില്‍ ലോട്ടറി അടിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ദിവസവും 200 രൂപയ്ക്ക് ടിക്കറ്റ് എടുക്കാറുണ്ട്. ചിലപ്പോഴൊക്കെ കടം പറയും. ഇത്തവണയും കടം പറഞ്ഞു. 100 രൂപയാണ് ഞാന്‍ ടിക്കറ്റിനു നല്‍കിയത്. ജോലിസ്ഥലത്ത് നില്‍ക്കുമ്പോഴാണ് ഒന്നാം സമ്മാനം അടിച്ചെന്ന് ലക്കി സെന്റര്‍ ഉടമ ശശി വിളിച്ചു പറയുന്നത്. കേട്ടപ്പോഴേ ശരീരം തളര്‍ന്നപോലെ തോന്നി. ഇനി വീടിന്റെ കടങ്ങള്‍ വീട്ടി മറ്റു അറ്റക്കുറ്റപ്പണികള്‍ നടത്തി പാലു കാച്ചല്‍ ചടങ്ങ് നടത്തണം.

ഒരു മാസം മുന്‍പാണ് നാലര ലക്ഷം രൂപയ്ക്ക് സുജിത് മൂന്നു സെന്റ് സ്ഥലവും ചെറിയൊരു വീടും സ്വന്തമാക്കിയത്. വായ്പ എടുത്തും ഭാര്യ ജിഷയുടെ താലിമാല വിറ്റും രണ്ടു ലക്ഷത്തോളം രൂപ നല്‍കി. ബാക്കി രണ്ടര ലക്ഷം രൂപയോളം കൊടുക്കാനുണ്ടായിരുന്നു. വീട് ചെറുതാണെങ്കിലും ഭാഗ്യം കൊണ്ടുവന്ന ഈ വീട് കൈവിടില്ല, അവിടെത്തന്നെ താമസിക്കുമെന്ന് സുജിത് പറയുന്നു. രണ്ടാം കഌസില്‍ പഠിക്കുന്ന ഗോകുല്‍ കൃഷ്ണയും രണ്ടര വയസ്സുകാരന്‍ കൃഷ്ണഗോപുവുമാണ് മക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com