ദുബായ്- കോഴിക്കോട് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി: യാത്രക്കാര്‍ ദുരിതത്തില്‍

പുറപ്പടേണ്ട സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് വിമാനം റദ്ദാക്കിയ വിവരം അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്.
ദുബായ്- കോഴിക്കോട് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി: യാത്രക്കാര്‍ ദുരിതത്തില്‍

ദുബായ്: ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പോകാനിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പെട്ടെന്ന് റദ്ദാക്കി. ഇതോടെ നൂറിലേറെ യാത്രക്കാര്‍ ദുരിതത്തിലായി. ബുധനാഴ്ച വൈകീട്ട് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റിന്റെ എസ്.ജി.054 വിമാനമാണ് മുന്നറിയിപ്പൊന്നും കൂടാതെ റദ്ദാക്കിയത്. 

പുറപ്പടേണ്ട സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് വിമാനം റദ്ദാക്കിയ വിവരം അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. ഇതിനകംതന്നെ ഭൂരിഭാഗം യാത്രക്കാര്‍ക്കും ബോര്‍ഡിങ് പാസ് നല്‍കിയിരുന്നു. കുറെപ്പേരുടെ ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയായി. അപ്പോഴാണ് വിമാനം റദ്ദാക്കിയ കാര്യം പറഞ്ഞത്. 

പകരം വിമാനമില്ലെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ പണം ഒരാഴ്ചയ്ക്കുള്ളില്‍ അക്കൗണ്ടിലേക്ക് തിരിച്ചുനല്‍കുമെന്നുമായിരുന്നു വിശദീകരണം. പെട്ടെന്നുതന്നെ നാട്ടില്‍ എത്തേണ്ടിയിരുന്ന ചിലര്‍ക്ക് സ്‌പൈസ് ജെറ്റിന്റെ കൊച്ചി വിമാനത്തില്‍ പോകാന്‍ കഴിഞ്ഞു. കുറച്ചുപേര്‍ക്ക് പുണെവഴി കോഴിക്കോട്ടേക്ക് നല്‍കാമെന്നുള്ള ഓഫറും വിമാനക്കമ്പനി പ്രതിനിധികള്‍ മുന്നോട്ടുവെച്ചു. 

എന്നാല്‍, ദുബായില്‍ അവധിക്കാല തിരക്കായതിനാല്‍ മിക്കവിമാനത്തിലും നേരത്തേ തന്നെ സീറ്റുകള്‍ ബുക്ക്‌ചെയ്യപ്പെട്ടതിനാല്‍ ബുധനാഴ്ച രാത്രിയുള്ള വിമാനങ്ങളിലും മിക്കവര്‍ക്കും ടിക്കറ്റ് കിട്ടിയില്ല. അതിനാല്‍ ബാക്കിയുള്ളവര്‍ വ്യാഴാഴ്ചത്തെ വിമാനങ്ങളിലാണ് ഇപ്പോള്‍ ടിക്കറ്റ് ശരിയാക്കിയത്. 

ദുബായില്‍നിന്ന് വൈകീട്ട് 4.10ന് പുറപ്പെട്ട് രാത്രി 9.50ന് കോഴിക്കോട്ടേക്ക് എത്താനുള്ളതായിരുന്നു ഈ വിമാനം. സ്‌പൈസ് ജെറ്റില്‍ വളരെ നേരത്തെ ടിക്കറ്റ് ബുക്ക്‌ചെയ്ത യാത്രക്കാരാണ് ദുരനുഭവം നേരിട്ടത്. അതേസമയം, ഇവര്‍ക്ക് രാത്രി താമസസൗകര്യമോ ഭക്ഷണമോ നല്‍കാന്‍പോലും വിമാനക്കമ്പനിക്കാര്‍ താത്പര്യമെടുത്തില്ല. 

വിമാനം എത്തിയതിനുശേഷമുണ്ടായ സാങ്കേതികത്തകരാറുമൂലമാണ് റദ്ദാക്കിയതെന്നും യാത്രക്കാര്‍ക്ക് ഇഷ്ടംപോലെ ചെയ്യാമെന്നുമുള്ള മറുപടിയാണ് പലര്‍ക്കും കമ്പനി പ്രതിനിധികളില്‍ നിന്ന് ലഭിച്ചത്. ഈ വിമാനത്തിന്റെ വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടുനിന്നുള്ള മടക്കസര്‍വീസും റദ്ദാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com