പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത് നാലുവാക്ക് പറയാന്‍ കെല്‍പ്പുള്ളവര്‍ ; അല്ലാത്തവര്‍ മാറിനില്‍ക്കണം : അബ്ദുള്‍ വഹാബിനെതിരെ യൂത്ത് ലീഗ് നേതാവ്

പാര്‍ലമെന്റില്‍ ശക്തമായി ഇടപെടുന്നതില്‍ മുസ്ലീംലീഗിന് തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്നു
പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത് നാലുവാക്ക് പറയാന്‍ കെല്‍പ്പുള്ളവര്‍ ; അല്ലാത്തവര്‍ മാറിനില്‍ക്കണം : അബ്ദുള്‍ വഹാബിനെതിരെ യൂത്ത് ലീഗ് നേതാവ്

മലപ്പുറം: അബ്ദുള്‍ വഹാബ് എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് രംഗത്ത്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മൊയീന്‍ അലി ശിഹാബ് തങ്ങളാണ് അബ്ദുള്‍ വഹാബിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. മുത്തലാഖ് ബില്‍ അവതരണ സമയത്ത് രാജ്യസഭയില്‍ കൃത്യസമയത്ത് ഹാജരാവാതിരുന്ന അബ്ദുള്‍ വഹാബിന്റെ പ്രവൃത്തിയാണ് മൊയീന്‍ വിമര്‍ശിച്ചത്. 

പാര്‍ലമെന്റില്‍ ശക്തമായി ഇടപെടുന്നതില്‍ മുസ്ലീംലീഗിന് തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്നു. മുസ്ലീം ന്യൂനപക്ഷത്തിന്റെ ശബ്ദമായി മാറേണ്ട വലിയ ഉത്തരവാദിത്തം ലീഗ് പ്രതിനിധികള്‍ക്ക് ഉണ്ട്. എന്നാല്‍ ഇതുണ്ടായില്ല. തെറ്റുതിരുത്തുമെന്ന ശുഭാപ്തി വിശ്വാസം എംപിമാര്‍ തകര്‍ക്കുന്നു. 

നാലുവാക്ക് പറയാന്‍ കഴിയുന്ന നേതാക്കളാണ് പാര്‍ലമെന്റില്‍ വരേണ്ടത്. ബില്ലിനെ എതിര്‍ത്ത് രാജ്യസഭയില്‍ രണ്ട് വാക്ക് പറയാനാവാത്തവര്‍ പദവിയില്‍ നിന്ന് വിട്ട് നില്‍ക്കണം. കടമ നിര്‍വഹിക്കുവാന്‍ അബ്ദുള്‍ വഹാബിന് കഴിയില്ലെങ്കില്‍ രാജിവെക്കണം. കഴിവുള്ള നേതാക്കള്‍ ലീഗിലുണ്ടെന്നും മൊയീന്‍ അലി വ്യക്തമാക്കി. 

ജയ് ശ്രീറാം വിളിക്കാത്തതിന് യുവാവിനെ ചുട്ടു കൊന്ന സംഭവത്തില്‍ അടക്കം ലീഗ് എംപിമാര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയിട്ടില്ലെന്നും മുസ്ലീം വിഭാഗത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെന്നും മൊയിന്‍ അലി പറയുന്നു. ലീഗിന് പാര്‍ലമെന്റില്‍ നിരന്തരം സംഭവിക്കുന്ന വീഴ്ച അംഗീകരിക്കാനാവില്ലെന്നും മൊയീന്‍ അലി പറഞ്ഞു. 

മുത്തലാഖ് വിഷയത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ നാല് മണിക്കൂര്‍ നേരമാണ് രാജ്യസഭയില്‍ ചര്‍ച്ചയ്ക്കായി അനുവദിച്ചിരുന്നത്. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചര്‍ച്ച തുടര്‍ന്നെങ്കിലും അബ്ദുള്‍ വഹാബ് എത്തിയിരുന്നില്ല. മുത്തലാഖ് ബില്ലിനെതിരായി വോട്ട് ചെയ്‌തെങ്കിലും നിയമനിര്‍മ്മാണത്തെ എതിര്‍ക്കുന്ന കക്ഷിയെന്ന നിലയില്‍ ലീഗിന്റെ നിലപാട് സഭയില്‍ അവതരിപ്പിക്കാനാവാതെ പോയതില്‍ പാര്‍ട്ടിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ എന്നതിനപ്പുറം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും ഇകെ വിഭാഗം സുന്നികളുടെ നേതാവുമാണ് മൊയീന്‍ അലി.നേരത്തെ മുത്തലാഖ് ബില്ല് ലോക്‌സഭയില്‍  അവതരിപ്പിക്കുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി എം പി വൈകിയെത്തിയത് ലീഗ് അണികള്‍ക്കും നേതൃത്വത്തിനുമിടയില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com