ലോഡ് ഷെഡിംഗ് ഉടനുണ്ടാകില്ല; തുലാവര്‍ഷം വരെ കാത്തിരിക്കാന്‍ കെഎസ്ഇബി

വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ കാല്‍ ഭാഗം പോലും വെള്ളമില്ല
ലോഡ് ഷെഡിംഗ് ഉടനുണ്ടാകില്ല; തുലാവര്‍ഷം വരെ കാത്തിരിക്കാന്‍ കെഎസ്ഇബി

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ പ്രതീക്ഷിക്കാത്ത മഴ ലഭിക്കാതിരുന്നതോടെ കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. എന്നാല്‍ ലോഡ് ഷെഡിംഗ് ഉടനുണ്ടാകില്ലെന്ന് കെഎസ്ഇബി. കാലവര്‍ഷം ഇതുവരെ കനിഞ്ഞില്ലെങ്കിലും തുലാവര്‍ഷം വരെ കാത്തിരിക്കാനാണ് തീരുമാനം. 

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നിലയങ്ങളും പവര്‍ എകസ്‌ചേഞ്ചും പ്രയോജനപ്പെടുത്തിയാണ് ബാക്കി വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നതിനാല്‍ ജലവൈദ്യുതി പദ്ധതികളിലെ ഉത്പാദനം നിയന്ത്രിക്കും. പുറത്തുനിന്ന് കിട്ടാവുന്ന വൈദ്യുതി പരമാവധി ഉപയോഗിക്കാനാണ് തീരുമാനമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു.

തുലാവര്‍ഷം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ലോഡ് ഷെഡിംഗിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ കാല്‍ ഭാഗം പോലും വെള്ളമില്ല. ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 20 ശതമാനം മാത്രം വെള്ളമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കാലവര്‍ഷം പകുതി പിന്നിടുമ്പോള്‍ ഇതുവരെ 32 ശതമാനം മഴ കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത ആഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com