അബദ്ധത്തിലെടുത്ത ലിപ്സ്റ്റികിന് ഒരുലക്ഷം; കളളനാക്കി അപമാനം, മുറിയില്‍ പൂട്ടിയിട്ട് മര്‍ദനം, ഭീഷണി; നടുക്കുന്ന സംഭവം

മോഷ്ടാവ് എന്ന് മുദ്രകുത്തി അപമാനിക്കുകയും ക്രൂരമായി മര്‍ദിച്ചശേഷം ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതായി അധ്യാപകന്റെ പരാതി
അബദ്ധത്തിലെടുത്ത ലിപ്സ്റ്റികിന് ഒരുലക്ഷം; കളളനാക്കി അപമാനം, മുറിയില്‍ പൂട്ടിയിട്ട് മര്‍ദനം, ഭീഷണി; നടുക്കുന്ന സംഭവം

കോഴിക്കോട്: മോഷ്ടാവ് എന്ന് മുദ്രകുത്തി അപമാനിക്കുകയും ക്രൂരമായി മര്‍ദിച്ചശേഷം ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതായി അധ്യാപകന്റെ പരാതി. ഉത്തര്‍പ്രദേശുകാരനായ അധ്യാപകനാണ് കോഴിക്കോട് നഗരത്തിലെ ഹൈപ്പര്‍മാര്‍ക്കറ്റിന് എതിരെ രംഗത്തുവന്നത്. സംഭവത്തില്‍ ഫ്‌ലോര്‍ മാനേജര്‍ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് നേതൃത്വം നല്‍കിയ സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ള മറ്റ് മൂന്നാളുകളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

കോഴിക്കോട് നഗരത്തില്‍ കെഎസ്ആര്‍ടിസിക്ക് സമീപത്തുള്ള മാളിലാണ് സിനിമയെ വെല്ലുന്ന സംഭവമുണ്ടായത്. ഭാര്യയ്ക്ക് സമ്മാനിക്കുന്നതിനായി വസ്ത്രവും സൗന്ദര്യവര്‍ധക സാധനങ്ങളും വാങ്ങുന്നതിനാണ് അധ്യാപകന്‍ പ്രശാന്ത് ഗുപ്ത ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറിയത്. ഫോണ്‍ വിളിക്കിടെ അബദ്ധത്തില്‍ മൂന്ന് ലിപ്സ്റ്റിക് റോളുകള്‍ കൈയില്‍ കരുതി പുറത്തേക്കിറങ്ങി. പിന്നാലെ ജീവനക്കാര്‍ അധ്യാപകനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മോഷ്ടാവെന്ന് വിളിച്ച് കൈയിലുണ്ടായിരുന്ന ഏഴായിരം രൂപ കവര്‍ന്നു. മുറിക്കുള്ളില്‍ പൂട്ടിയിട്ട് ആറുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു. നാല് എടിഎം കാര്‍ഡുകളില്‍ നിന്നായി ഒരു ലക്ഷത്തിലധികം രൂപ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അക്കൗണ്ടിലേക്ക് നിര്‍ബന്ധിച്ച് മാറ്റി. 400 രൂപയ്ക്ക് പകരമാണ് ഒരു ലക്ഷത്തിലധികം കൈക്കലാക്കിയത്. വാച്ചും വിവാഹ മോതിരവും രണ്ട് മൊബൈല്‍ ഫോണുകളും തട്ടിയെടുത്തു. പിന്നാലെ രണ്ട് ലക്ഷം കൂടി നല്‍കിയാല്‍ തുടര്‍ ഇടപെടലില്‍ നിന്ന് ഒഴിവാക്കാമെന്ന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായും അധ്യാപകന്റെ പരാതിയില്‍ പറയുന്നു.

വീട്ടില്‍ നിന്ന് ഫോണില്‍ വിളി വന്നതാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ കാരണമെന്ന് അധ്യാപകന്‍ പറയുന്നു. പിന്നാലെ ജീവനക്കാര്‍ ഓടി അടുക്കുകയായിരുന്നു. പലതവണ കാര്യം പറയാന്‍ ശ്രമിച്ചു. അവരത് കേട്ടില്ല. ആയിരക്കണക്കിന് കുട്ടികള്‍ക്ക് സാങ്കേതികവിദ്യ പറഞ്ഞുകൊടുക്കുന്ന ഗുരുവാണ്. മോഷ്ടാവെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ അവരെന്നെ നേരെ പൊലീസിലേല്‍പ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അല്ലാതെ എന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആഹാരം കഴിക്കാന്‍ പോലും പണമില്ലാതെ മാനസികമായും ശാരീരികമായും തളര്‍ന്നതിനാലാണ് കസബ പൊലീസിനെ സമീപിച്ചതെന്നും അധ്യാപകന്‍ പറയുന്നു. നഗരത്തിലെ സാധാരണക്കാരാണ് തനിക്ക് പൊലീസ് സ്‌റ്റേഷനിലെത്താന്‍ വഴിയൊരുക്കിയതും വഴികാട്ടിയായതെന്നും അധ്യാപകന്‍ പറയുന്നു.

സാധനം വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ കോഴിക്കോട് നഗരത്തില്‍ ഇങ്ങനെ സംഭവിക്കാനിടയുണ്ടോ എന്ന് പൊലീസിന്  ആദ്യം സംശയം തോന്നിയിരുന്നു. മികച്ച അക്കാദമിക് നിലവാരമുള്ള പരാതിക്കാരന്റെ വാക്കുകളിലൂടെ തെളിവുകള്‍ ഓരോന്നായി നിരന്നപ്പോള്‍  അവിശ്വാസം മാറുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഇതിനിടെ പിടിച്ചെടുത്ത പണവും മറ്റ് സാധനങ്ങളും തിരികെ നല്‍കാമെന്ന് പറഞ്ഞ് കേസ് പിന്‍വലിപ്പിക്കാന്‍ അധ്യാപകന് മേല്‍ സമ്മര്‍ദവുമുണ്ടായി. ഇടനിലക്കാര്‍ പലരും ഇദ്ദേഹത്തെ സമീപിച്ചു. പക്ഷേ തനിക്കുണ്ടായ അപമാനത്തിന് പകരമായി എന്ത് നല്‍കാന്‍ കഴിയുമെന്നായിരുന്നു പ്രശാന്ത് ഗുപ്തയുടെ മറുചോദ്യം. പൊലീസും ഉറച്ച നിലപാട് എടുത്തതോടെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com