ഗുരുവായൂരിലെ 'മരപ്രഭു' ശില്‍പം നന്നാക്കാന്‍ മോഹന്‍ലാല്‍

സമര്‍പ്പണമായി മരപ്രഭു ശില്‍പം നവീകരിക്കാമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്
ഗുരുവായൂരിലെ 'മരപ്രഭു' ശില്‍പം നന്നാക്കാന്‍ മോഹന്‍ലാല്‍

തൃശൂര്‍ : ഇടിമിന്നലില്‍ കേടുപാട് സംഭവിച്ച ഗുരുവായൂര്‍ ക്ഷേത്ര വളപ്പിലെ മരപ്രഭു ശില്‍പം നന്നാക്കാമെന്ന് നടന്‍ മോഹന്‍ലാല്‍. സമര്‍പ്പണമായി ശില്‍പം നവീകരിക്കാമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. ശില്‍പ്പം നന്നാക്കാന്‍ ദേവസ്വം നടപടികള്‍ ആരംഭിച്ചപ്പോഴാണ് ലാല്‍ താല്‍പ്പര്യം അറിയിച്ചത്. 

മോഹന്‍ലാല്‍ ദേവസ്വം അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അടുത്തയാഴ്ച മരപ്രഭു നന്നാക്കുന്നതിനായി ശില്‍പി ആലുവ ദേശം സ്വദേശി രാമചന്ദ്രന്‍ ദേവസ്വം ബോര്‍ഡിന് രേഖാമൂലം അപേക്ഷ നല്‍കും. 

രണ്ടുമാസം മുമ്പ് ഇടിമിന്നലിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കേനടയിലുള്ള ശില്‍പത്തിന്റെ ഒരു ഭാഗം അടര്‍ന്നു വീണത്. വിഷ്ണു സഹസ്രനാമത്തിലെ 'പത്മനാഭോ മരപ്രഭു' എന്ന ഭാഗത്തെ അടിസ്ഥാനമാക്കി രാമചന്ദ്രന്റെ നേതൃത്വത്തില്‍ 1995 ജൂണ്‍ 24 നാണ് മരപ്രഭു ശില്‍പം പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. 

നിലമ്പൂര്‍ അരുവാക്കോട് ഗ്രാമത്തിലെ ആദി ആന്ധ്ര പുലാല ബ്രാഹ്മണരാണ് നിലമ്പൂരില്‍ നിന്നെത്തിച്ച കളിമണ്ണുകൊണ്ട് ശില്‍പം നിര്‍മ്മിച്ചത്. 6500 ഇഷ്ടികകള്‍ക്കുള്ളില്‍ കളിമണ്ണ് ചാലിച്ചൊഴിച്ച് 108 തരം പച്ചമരുന്നുകളും ചേര്‍ത്ത് മൂന്നരമാസം കൊണ്ടായിരുന്നു നിര്‍മിതി. 

മഹാകുംഭകാവസ്ഥയാണ് ശില്‍പഭാവം. 2010ല്‍ കനകപ്രഭാമണ്ഡലവും നിര്‍മിച്ചു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചപ്പോള്‍, മരപ്രഭുവിന്റെ സ്വര്‍ണവര്‍ണത്തിലുള്ള ചെറുരൂപമാണ് സമ്മാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com