പോക്സോ ബിൽ ചർച്ചക്കിടെ 'ഉന്നാവോ' ഉന്നയിച്ച് രമ്യ ; കലിപ്പുമായി സ്മൃതി ഇറാനിയും കിരൺ ഖേറും

ബില്ലിൽ രാഷ്ട്രീയം കലർത്തിയതു ശരിയായില്ല.  രമ്യ മലയാളത്തിൽ പ്രസംഗിച്ചത് മനഃപൂർവമാണെന്നും കിരൺ ഖേർ
പോക്സോ ബിൽ ചർച്ചക്കിടെ 'ഉന്നാവോ' ഉന്നയിച്ച് രമ്യ ; കലിപ്പുമായി സ്മൃതി ഇറാനിയും കിരൺ ഖേറും

ന്യൂഡൽഹി: ലോക്‌സഭയിൽ പോക്സോ ഭേദഗതി ചർച്ചയിൽ 'ഉന്നാവോ' സംഭവം ഉന്നയിച്ച് ആലത്തൂർ എംപി രമ്യ ഹരിദാസ്. എന്നാൽ ചർച്ചയിൽ ഉന്നാവോ ഉന്നയിച്ചത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ബിജെപി എംപിമാരെയും ചൊടിപ്പിച്ചു. ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയും കുടുംബവും നേരിട്ട ദുരന്തത്തെക്കുറിച്ചാണ് രമ്യ സഭയിൽ ഉന്നയിച്ചത്. ബിജെപി എംഎൽഎ ലൈംഗിക പീഡനക്കേസിൽ പ്രതിയായി നിൽക്കുന്ന സമയത്തുതന്നെ, പോക്സോ നിയമഭേദഗതി ചർച്ചയ്‌ക്കുവരുന്നത് വൈരുധ്യമാണെന്ന് രമ്യ കുറ്റപ്പെടുത്തി.

ഇരയെയും അവർക്കു നിയമസഹായം ചെയ്യുന്നവരെയും ഉന്മൂലനം ചെയ്യാൻ ബിജെപി. ശ്രമിക്കുകയാണ്. ബലാത്സംഗത്തിന് ഇരയാകുന്നവർക്ക് പരമാവധി വേഗത്തിൽ നീതി ലഭിക്കണം. അവരെ നിത്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റിയ സാഹചര്യം ഒരുക്കണമെന്നും രമ്യ ആവശ്യപ്പെട്ടു. രമ്യയുടെ പ്രസം​ഗത്തെ പ്രതിപക്ഷാംഗങ്ങൾ കൈയടിച്ചു പിന്തുണച്ചു.

എന്നാൽ, പരാമർശത്തിൽ ബിജെപി അംഗം കിരൺ ഖേർ പ്രതിഷേധിച്ചു.  ബില്ലിൽ രാഷ്ട്രീയം കലർത്തിയതു ശരിയായില്ല.  രമ്യ മലയാളത്തിൽ പ്രസംഗിച്ചത് മനഃപൂർവമാണെന്നും കിരൺ ഖേർ പറഞ്ഞു. കിരണിനെ പിന്തുണച്ച് മറ്റ് ബിജെപി അംഗങ്ങളും രംഗത്തുവന്നു. ചർച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി സ്മൃതി ഇറാനിയും രമ്യയുടെ പരാമർശത്തെ എതിർത്തു. അംഗം ബിജെപി.യെ ചർച്ചയിലേക്കു വലിച്ചിഴച്ചതു ശരിയായില്ല. മാത്രമല്ല, രമ്യയ്‌ക്കു ചുറ്റുമിരുന്ന അംഗങ്ങൾ മേശയിലടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഹീനമായ കുറ്റകൃത്യം ചെയ്താൽ ബിജെപി നേതാക്കളെ ഈ ബിൽ ഒഴിവാക്കില്ലെന്നും സ്മൃതി പറഞ്ഞു. മന്ത്രിയുടെ മറുപടിയെത്തുടർന്ന് ബഹളമടങ്ങി.

വധശിക്ഷയെക്കുറിച്ചു രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇക്കാര്യം ദേശീയതലത്തിൽ ചർച്ച വേണമെന്ന് എൻ കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസത്തിന് ഉറപ്പുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വധശിക്ഷയോട് താത്വികമായി എതിർപ്പുണ്ടെങ്കിലും കുട്ടികളെ ഉപദ്രവിക്കുന്നവർക്കു വധശിക്ഷ നൽകണമെന്നാണു നിലപാടെന്ന് ബിഎസ്പി അംഗം ഡാനിഷ് അലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com