ശുഹൈബ് വധത്തിൽ നേരറിയാൻ സിബിഐ വരുമോ ? സർക്കാർ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന് 

അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്
ശുഹൈബ് വധത്തിൽ നേരറിയാൻ സിബിഐ വരുമോ ? സർക്കാർ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന് 

കൊച്ചി : കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്കു വിടുന്നതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്. 

ശുഹൈബ് വധക്കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാൽ ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പ്രാദേശിക വൈരമാണ് കൊലപാതക കാരണം എന്നാണ് സർക്കാരിന്റെ വാദം. കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം എന്ന കോടതി ഉത്തരവ് നിലനിൽക്കില്ല. ഏതെങ്കിലും നേതാക്കൾക്കൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കൾക്ക് ഗുഡാലോചനയിൽ പങ്കുണ്ടെന്ന് പറയാനാവി‌ല്ലെന്നും സർക്കാർ വാദിക്കുന്നു. 

അപ്പീലിൽ സർക്കാരിനായി ഹാജരാകുന്നതിന് 50 ലക്ഷത്തിൽ അധികം രൂപ ചെലവഴിച്ചു ഡൽഹിയിൽനിന്നു സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേകനിർദേശപ്രകാരമാണ് ഈ അഭിഭാഷകന്റെ ഭീമമായ ഫീസ് വേഗം നൽകുന്നതിന് നടപടി സ്വീകരിച്ചത്. കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ശുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com