''ഇതെല്ലാം ചെയ്തത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് അറിയുമ്പോള്‍ ലജ്ജിക്കുന്നു''
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd August 2019 02:14 PM |
Last Updated: 03rd August 2019 02:14 PM | A+A A- |
തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വൈദ്യുതമന്ത്രി എംഎം മണി. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ ആദ്യം കുറിച്ചത്. പിന്നാലെ കൂടുതല്‍ പ്രതികരണവുമായി മന്ത്രി രണ്ടാമത് ഒരു കുറിപ്പ് കൂടി പോസ്റ്റ് ചെയ്തു.
അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോള്‍ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരുക തന്നെ ചെയ്യും. അതില്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളം സബ് കളക്ടറായിരിക്കെ, മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മന്ത്രി മണിയുമായും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനുമായും നിരന്തരം പോരടിച്ചിരുന്നു. ഒടുവില്‍ മന്ത്രിയുടെയും സിപിഎം ഇടുക്കി ജില്ലാനേതൃതൃത്വത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ഡയറക്ടറായി മാറ്റിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അര്‍ദ്ധരാത്രി അമിതവേഗതയില്‍ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോള്‍ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരുക തന്നെ ചെയ്യും. അതില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സര്‍ക്കാര്‍ സമീപനം.